വിയര്‍പ്പില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍. യുസി സാന്‍ ഡിയേഗോ ജേക്കബ്സ് സ്കൂള്‍ ഓഫ് എഞ്ചിനീയറിങിലെ ഏതാനും ഗവേഷകരാണ് ഈ ഉപകരണം വികസിപ്പിച്ചത്. വിരല്‍ തുമ്ബത്ത് ഘടിപ്പിക്കാവുന്ന ഒരു ചെറിയ വെയറബില്‍ സ്ട്രിപ്പാണ് ഇത്. ഇത് കുറഞ്ഞ അളവിലുള്ള വൈദ്യുതി ഉത്പാദിപ്പിക്കും.

വിരല്‍ വിയര്‍ക്കുമ്ബോഴാണ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുക. ഉറങ്ങുമ്ബോഴോ മറ്റേത് ജോലി ചെയ്യുമ്ബോഴോ ഇത് ധരിക്കാം. ഉപകരണത്തില്‍ ഞെക്കിയാല്‍ ഇത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് വര്‍ധിക്കും.

ചെറിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ വൈദ്യുതി ഉപയോഗിക്കാം. 10 മണിക്കൂര്‍ നീളുന്ന ഉറക്കത്തില്‍ ഈ ഉപകരണം ധരിച്ചാല്‍ 400 മില്ലിജൂള്‍സ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കപ്പെടുക.

കംപ്യൂട്ടര്‍ ടൈപ്പിംഗോ മൗസ് ഉപയോഗമോ പോലുള്ള പ്രവൃത്തികള്‍ ചെയ്യുമ്ബോള്‍ ഇത് ധരിച്ചാല്‍ ഒരു മണിക്കൂറില്‍ 30 മില്ലിജൂള്‍സ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടും.

ഇത് ഒരു വിരലിലെ കാര്യമാണ്. 10 വിരലിലും ഈ ഉപകരണം ഘടിപ്പിച്ചാല്‍ പത്തിരട്ടി വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍.