ചെന്നൈ: ചെന്നൈയില്‍ വിമാനത്തില്‍ വച്ച് വിവാഹം നടന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഇതുമായി ബന്ധപ്പെട്ട് വിമനക്കമ്ബനിയോട് ഡിജിസിഎ റിപ്പോര്‍ട്ട് തേടി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹത്തില്‍ ഒത്ത് കൂടിയവര്‍ക്കെതിരെ കേസെടുക്കുമെന്നും ഡിജിസിഎ അറിയിച്ചു.
മെയ് 23നാണ് ആകാശത്തുവച്ച് മധുര സ്വദേശികളായ രാകേഷും ദീക്ഷണയും വിവാഹിതരായത്. മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്തായിരുന്നു വിവാഹം. 130 പേരാണ് വിമാനത്തിലെ വിവാഹത്തില്‍ പങ്കെടുത്തത്.
എന്നാല്‍ ഇതിനിടെ സംഭവത്തില്‍ വിശദീകരണവുമായി വിമാന കമ്ബനി രംഗത്തെത്തി. മധുരയിലുള്ള ട്രാവല്‍ ഏജന്റ് ആണ് ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്തത്. ബുക്കിംഗ് നടത്തിയവരോട് കോവിഡ് മാനദണ്ഡങ്ങളെ കുറിച്ചു വ്യക്തമാക്കിയിരുന്നു എന്നും സ്പൈസ് ജെറ്റ് വിമാന കമ്ബനി അറിയിച്ചു. ഒരു ആഘോഷത്തിനും അനുമതി നല്‍കിയിരുന്നില്ലെന്നും കമ്ബനി അറിയിച്ചു .
കോവിഡ് ലോക് ഡൗണ്‍ തമിഴ്നാട് സര്‍ക്കാര്‍ മെയ് 31 വരെ നീട്ടുകയും മെയ് 23 ന് മാത്രം നിയന്ത്രണത്തില്‍ ഇളവ് നല്‍കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും തമിഴ്നാട് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെ വിമാനത്തില്‍ വച്ച് വീണ്ടും വിവാഹം നടത്തുകയായിരുന്നു .
വിമാനത്തില്‍ നിന്ന് താലി കെട്ടുന്നതും മുഴുവന്‍ പേരും സാമൂഹിക അകലം പാലിക്കാതെ എഴുന്നേറ്റ് നിന്ന് ചടങ്ങില്‍ പങ്കെടുക്കുന്നതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ചടങ്ങില്‍ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കള്‍ ആണെന്നും എല്ലാവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതാണെന്നും ദമ്ബതികള്‍ അവകാശപ്പെട്ടു.



