ഭരണകൂടത്തിനെതിരായി ശബ്ദമുയര്‍ത്തുന്ന മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാനായി ബെലാറസില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. മാദ്ധ്യമപ്രവര്‍ത്തകനായ റൊമാന് പ്രോട്ടസെവിച്ച് ഏതന്‍സില്‍ നിന്ന് ലിത്വാനിയയിലേക്ക് പറക്കുകയായിരുന്ന റയാന് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. റൊമാനെ അറസ്റ്റ് ചെയ്യാനായി ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയുടെ നിര്‍ദ്ദേശപ്രകാരം വിമാനത്തിന് സുരക്ഷാഭീഷണിയുണ്ടെന്ന് വ്യാജസന്ദേശം നല്കി മിന്‍സ്ക് വിമാനത്താവളത്തിലിറക്കി.
ബെലാറൂസ് സൈന്യത്തിന്റെ മിഗ്-29 ഫൈറ്റര്‍ ജെറ്റ് ഈ വിമാനത്തെ അനുഗമിച്ചെത്തി. പിന്നീടാണ് റൊമാന്റെ അറസ്റ്റിനാണ് വിമാനമിറക്കിയതെന്ന കാര്യം പൈലറ്റിനും യാത്രക്കാര്‍ക്കും മനസിലായത്. അറസ്റ്റിന് ശേഷം വിമാനത്തിന് യാത്ര തുടരാന്‍ അനുമതി ലഭിച്ചു. വിമാനത്തില്‍ നിന്ന് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ പിന്നീടറിയിച്ചു. ലുകാഷെങ്കോയെ പിന്തുണയ്ക്കുന്ന റഷ്യയും വിമാനം ലാന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെലാറസിയന്‍ പ്രതിപക്ഷ നേതാവായ സ്വെറ്റ്ലാന തിഖാനോവ്സ്കയക്കൊപ്പം ഗ്രീസില്‍ നടന്ന സാമ്ബത്തിക സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ലിത്വാനിയയിലേക്ക് മടങ്ങുകയായിരുന്നു റൊമാനെന്നാണ് വിവരം. വിമാനമിറക്കാനുള്ള നിര്‍ദ്ദേശം അറിഞ്ഞയുടനെ തന്നെ റൊമാന് അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തതായി സഹയാത്രികര്‍ പറഞ്ഞു.
@ ആരാണ് റൊമാന് പ്രോട്ടസെവിച്ച്?
സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ ടെലിഗ്രാമിലൂടെ സംപ്രേക്ഷണം ചെയ്യുന്ന നെക്സ്റ്റ (NEXTA) ചാനലിന്റെ സ്ഥാപകപങ്കാളിയും മുന്‍ എഡിറ്ററുമാണ് 26കാരനായ റൊമാന് പ്രോട്ടോസോവിച്ച്. ലുകാഷെങ്കോയുടെഏകാധിപത്യഭരണത്തിനെതിരെ നിരന്തരം റൊമാന് പ്രതികരിക്കാറുണ്ട്.
2011ല്‍ ഭരണകൂട വിരുദ്ധറാലിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മിന്‍സ്ക് സ്റ്റേറ്റ് സര്‍വകലാശാലയില്‍ നിന്ന് നിന്ന് റൊമാനെ പുറത്താക്കിയിരുന്നു. ഞായറാഴ്ചയും ട്വിറ്ററിലൂടെ പ്രോട്ടസെവിച്ച് ബെലാറൂസ് ഭരണകൂടത്തെ വിമര്‍ശിച്ചിരുന്നു.
ലുകാഷെങ്കോക്കെതിരെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തതിന് നെക്സ്റ്റയേയും റൊമാനേയും കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് കൂടാതെ, 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് രാജ്യത്ത് നിരവധി മാദ്ധ്യമസ്ഥാപനങ്ങള്‍ അടച്ചു പൂട്ടപ്പെട്ടിരുന്നു.
അറസ്റ്റ് ഭയന്ന് 2019 ല്‍ രാജ്യം വിട്ട റൊമാന് ലിത്വാനിയയില്‍ താമസിച്ച് ലുകാഷെങ്കെക്കെതിരെ പ്രവര്‍ത്തിച്ചു. പൊതുസമാധാനം നശിപ്പിക്കല്‍, വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ റൊമാന് മേല്‍ കഴിഞ്ഞ നവംബറില്‍ ചുമത്തിയിരുന്നു.
ബെലാറസിലെ സുരക്ഷാ ഏജന്‍സിയായ കെ.ജി.ബി റൊമാനെ ഭീകരപ്രവര്‍ത്തകരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശിക്ഷയായി ജയില്‍വാസം മുതല്‍ വധശിക്ഷ വരെ ലഭിച്ചേക്കാം.
@ എതിര്‍പ്പുമായി ലോകരാഷ്ട്രങ്ങള്‍
യു.എസ് സെക്രട്ടറി ഒഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുള്‍പ്പെടെ നിരവധി പേര് അറസ്റ്റിനെതിരെ രംഗത്തെത്തി. ഒരു മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ യാത്രാവിമാനത്തെ അടിയന്തരമായി ഇറക്കിയത് നടുക്കുന്ന സംഭവമാണെന്ന് ബ്ലിങ്കന്‍ പ്രതികരിച്ചു. സംഭവത്തില്‍ അന്താരാഷ്ട്രതലത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും ബെലാറസ് ജനതകള്‍ക്ക്
എല്ലാവിധ പിന്തുണ നല്‍കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയനും റൊമാന്റെ മോചനം ആവശ്യപ്പെട്ടു. ബെലാറസ് ഭരണകൂടം ഇതിന്റെ ഫലമനുഭവിക്കേണ്ടി വരുമെന്ന് ഇ.യു മേധാവി ഉര്‍സുല വോണ്‍ ദെര്‍ ലെയന് ട്വീറ്റ് ചെയ്തു. പോളണ്ടും ഫ്രാന്‍സുമുള്‍പ്പെടെ നിരവധി രാഷ്ട്രങ്ങള്‍ അറസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ചു.
വിമാനത്തില്‍ ബോംബെന്ന് വ്യാജ സന്ദേശം, വിമര്‍ശിച്ച മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് ബെലാറസ്



