കോഴിക്കോട് : ബാബരി മസ്ജിദ് തകര്‍ത്ത കേസിലുള്ള കോടതി വിധിയില്‍ പ്രതികരണവുമായി എം സ്വരാജ് എം എല്‍ എയും ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട് വര്‍ധനും. വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച്‌ ചിന്തിക്കുക പോലുമരുത്, ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങിനെയാണ് എന്നായിരുന്നു യുവ എം എല്‍ എ എയായ സ്വരാജിന്റെ ഫേസ്ബുക്ക് പ്രതികരണം. നേരത്തെ ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍ സ്വരാജ് നടത്തി പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. വര്‍ത്തമാന ഇന്ത്യയില്‍ മറിച്ചൊരു നീതി നിങ്ങള്‍ പ്രതീക്ഷിച്ചോ നിഷ്‌ക്കളങ്കരേ എന്ന ചോദ്യമായിരുന്നു അന്ന് അദ്ദേഹം സാമൂഹിക മാധ്യമം വഴി ചോദിച്ചത്.

ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി വിധിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട് വര്‍ധന്‍ നടത്തിയത്. ‘ബാബറി തകര്‍ത്തവകരെ വെറുതെ വിടുന്ന ഹിന്ദുരാഷ്ട്രത്തില്‍ നീതി നശിച്ചില്ലാതാകുന്നു എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
കര്‍സേവകര്‍ അയോധ്യയിലെത്തി ബാബറി മസ്ജിദ് തകര്‍ത്തതും അതിന് മുന്‍പ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയുമെല്ലാം പ്രതിപാദിക്കുന്ന രാം കേ നാം എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് ആനന്ദ് പട്വര്‍ധന്‍.