കോഴിക്കോട്; വിദ്യാഭ്യാസ മേഖലയില്‍ പ്രിസം പോലുള്ള നൂതനമായ അന്വേഷണങ്ങള്‍ക്കും ആശയങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ഹമായ പ്രാധാന്യവും പരിഗണനയും നല്‍കുന്നതിനാല്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പുതിയ മുന്നേറ്റങ്ങളുണ്ടാവുമെന്ന് എ.പ്രദീപ്കുമാര്‍ എംഎല്‍എ പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളും ഹൈടെക് ആക്കുകയും  ഡിജിറ്റല്‍ സ്‌കൂളുകളായി മാറ്റുകയും ചെയ്തതിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളില്‍ കഴിയുന്നവര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ തുടങ്ങി സമൂഹത്തിന്റെ സൂക്ഷ്മതലങ്ങളില്‍ വരെ സര്‍ക്കാറിന്റെ കരുതലും ശ്രദ്ധയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ ആകെ 56 സ്‌കൂളുകളിലുമുള്ള എല്ലാ വിഭാഗത്തിലേക്കുമായി 717 ലാപ്‌ടോപ്, 391 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 262 മൗണ്ടിങ് കിറ്റ്, 237 സ്‌ക്രീന്‍, 27 ടെലിവിഷന്‍, 28 മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്റര്‍, 27 ഡി എസ് എല്‍ ആര്‍ ക്യാമറ, 28 എച്ച്‌ഡി ക്യാമറ, 533 യുഎസ്ബി സ്പീക്കര്‍ എന്നിവയാണ് ഇതുവരെ വിതരണം ചെയ്തത്. ആറ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും അഞ്ച് എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും 10 ഗവണ്‍മെന്റ് എല്‍ പി സ്‌കൂളുകളും 13 എയ്ഡഡ് എല്‍പി സ്‌കൂളുകളും ഒമ്പത് ഗവ. യുപി സ്‌കൂളുകളും ഏഴ് എയ്ഡഡ് യുപി സ്‌കൂളും രണ്ട് ഗവ. ടി ടി ഐ, ഒന്നു വീതം എയ്ഡഡ് ടി ടി ഐ, സ്‌പെഷ്യല്‍ സ്‌കൂള്‍, രണ്ട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ് മണ്ഡലത്തിലുള്ളത്.

2007ല്‍ തന്നെ നിയോജക മണ്ഡലത്തിലെ 22 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുകയും അതുപയോഗിക്കാന്‍ ആവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് നല്‍കുകയും ചെയ്തു. ഇതോടൊപ്പം ഐടി അറ്റ് സ്‌കൂളിന്റെ സഹകരണത്തോടെ നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസിലെ എല്ലാ ഡിവിഷനുകളും ഉള്‍പ്പെടെ 20 ക്ലാസ് മുറികള്‍ ഹൈടെക് ആക്കി. പ്രൊജക്ടറും ലാപ്‌ടോപ്പും സ്പീക്കറുകളും ഒപ്പം ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഈ ക്ലാസ് മുറികളില്‍ ഒരുക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് മൂന്നു പ്രിസം സ്‌കൂളുകളിലേക്ക് ആയി ഇന്‍ഫോസിസില്‍ നിന്ന് 150 കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കുന്നതിനും സാധിച്ചു. ഇപ്പോള്‍ മണ്ഡലത്തിലെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെയും മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക്കായി കഴിഞ്ഞു. എല്‍പി, യുപി, സ്‌പെഷ്യല്‍ സ്‌കൂള്‍, ടെക്‌നിക്കല്‍ സ്‌കൂള്‍, ടിടിഐ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും പ്രോജക്ടര്‍, മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. അദ്ധ്യാപകര്‍ക്ക് ഐസിടി അധിഷ്ഠിതമായ ധാരാളം പരിശീലനങ്ങളാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

കാരപ്പറമ്പ്‌ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ബീന രാജന്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ പി മനോജ്, എഇഒ വി മനോജ്കുമാര്‍, പി ടി എ പ്രസിഡന്റ് നജീബ് മാളിയേക്കല്‍, എസ്‌എംസി ചെയര്‍മാന്‍ രഞ്ജിത്ത് ലാല്‍, കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ പി.പി.സുരേഷ് ബാബു, ഹെഡ്മിസ്ട്രസ് ഷാദിയ ബാനു, കാരപ്പറമ്പ്‌ ജിഎല്‍പി സ്‌കൂള്‍ എച്ച്‌ എം വത്സല, പ്രിസം മണ്ഡലം കോര്‍ഡിനേറ്റര്‍ വി.ജലൂഷ് തുടങ്ങിയവര്‍ പങ്കെടുത്തു.