ഇന്ത്യയിൽ വേഗത്തിൽ മാറ്റങ്ങൾ വരാത്തതിന് കാരണം വിഭ്യാഭ്യാസമില്ലാത്ത നേതാക്കളാണ് എന്ന് കജോൾ പറഞ്ഞിരുന്നു. പിന്നാലെ താരത്തിന്റെ പരാമർശം വലിയ വിവാദമാണ് ഉണ്ടാക്കിയത്. വസ്തുതാപരമല്ലാത്ത പ്രതികരണം എന്നാണ് അഭിപ്രായം ഉയർന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കജോൾ.
താൻ വിദ്യാഭ്യാസത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പറയുകമാത്രമാണ് ചെയ്തതെന്നും ആരേയും മോശക്കാരായി ചിത്രീകരിച്ചിട്ടില്ലെന്നും കജോൾ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. രാജ്യത്തെ നേർവഴിക്ക് നയിച്ച ധാരാളം രാഷ്ട്രീയ നേതാക്കൾ ഉണ്ടെന്നും നേതാക്കന്മാരെ തെറ്റായ രീതിയിൽ ചിത്രീകരിച്ചിട്ടില്ലെന്നും കജോൾ കൂട്ടിച്ചേർത്തു.
‘ഇന്ത്യ പോലൊരു രാജ്യത്ത് മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളിൽ മുഴുകിയിരിക്കുകയാണ്. മാറ്റത്തിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതിൽ ബുദ്ധിമുട്ടുണ്ട്. എന്നാൽ ഇതാണ് വസ്തുത. ഒരു കാഴ്ച്ചപ്പാടും ഇല്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കപ്പെടും’ എന്നാണ് കജോൾ പറഞ്ഞത്.



