വാഷിംഗ്ടണ്‍ : കാലിഫോര്‍ണിയയിലെ ഒരു വിദ്യാലയത്തില്‍
വാക്സിനെടുക്കാത്ത ടീച്ചറില്‍ നിന്നും കോവിഡിന്റെ ഡെല്‍റ്റ വകഭേദം പകര്‍ന്നത് കുട്ടികളടക്കം 26 പേര്‍ക്ക്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

സ്കൂളുകള്‍ വീണ്ടും തുറക്കുമ്ബോള്‍, വാക്സിനുകള്‍ക്ക് യോഗ്യതയില്ലാത്ത കൊച്ചുകുട്ടികളെ സംരക്ഷിക്കുന്നതിനായി സ്കൂള്‍ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം എന്തെന്ന് ഈ കേസ് എടുത്തുകാണിക്കുന്നുവെന്ന് ആരോഗ്യ ഏജന്‍സി വ്യക്തമാക്കി.

മേയ് 13 മുതല്‍ 16 വരെ സാമൂഹിക പരിപാടികളില്‍ പങ്കെടുത്ത ടീച്ചറിന് മെയ് 19 ന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മെയ് 21 വരെ കോവിഡ് ടെസ്റ്റ് നടത്തിയില്ല, തുടക്കത്തില്‍ ലക്ഷണങ്ങള്‍ അലര്‍ജി മൂലമാണെന്ന് വിശ്വസിച്ചു. മാസ്ക് ധരിക്കേണ്ട ആവശ്യകത ഉണ്ടായിരുന്നിട്ടും ടീച്ചര്‍ ക്ലാസില്‍ മാസ്ക് വയ്ക്കാതെയാണ് നിന്നിരുന്നതെന്നും പറയുന്നു.

തുടര്‍ന്ന് സ്കൂളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ ക്ലാസ്സിലെ 24 വിദ്യാര്‍ത്ഥികളില്‍ 12 പേര്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. രോഗബാധിതരായ 27 പേരില്‍ ഇരുപത്തിരണ്ട് പേര്‍ക്ക് (81 ശതമാനം), ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പനിയാണ്, തുടര്‍ന്ന് ചുമ, തലവേദന, തൊണ്ടവേദനയും അനുഭക്കപ്പെട്ടു.