കൊച്ചി : ചലച്ചിത്ര, പരസ്യസംവിധായകന്‍ കെ.എന്‍. ശശിധരന്‍ അന്തരിച്ചു. ഇടപ്പള്ളിയിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ നോക്കിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിയാണ്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദം കരസ്ഥമാക്കിയ കെ.എന്‍. ശശിധരന്‍, പി.കെ. നന്ദനവര്‍മ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരില്‍ തന്നെ ആദ്യ ചിത്രമൊരുക്കി.

സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയതും ശശിധരന്‍ തന്നെയായിരുന്നു. കാണാതായ പെണ്‍കുട്ടി, നയന തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. ആദ്യകാലത്ത് സിനിമാ സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പിന്നീട് പരസ്യ ചിത്രങ്ങളിലേയ്ക്കു തിരിഞ്ഞു. ചില സന്ദര്‍ഭങ്ങളിലെങ്കിലും മലയാളിയുടെ നാവില്‍ ഓടിയെത്തുന്ന ‘വന്നല്ലോ വനമാല’ പരസ്യം ശശികുമാറിന്റേതാണ്.