തിരുവനന്തപുരം: പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന ചടങ്ങിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തതിലും, വായ്പാട്ട് ഒഴിവാക്കി ഉപകരണ സംഗീതം ഉപയോഗിച്ചതിലും അതൃപ്തി അറിയിച്ച് സംസ്ഥാന ഗവർണര്‍ രാജേന്ദ്ര ആർലേക്കര്‍ . ഗവർണർ സന്നിഹിതനായിരിക്കുമ്പോൾ വന്ദേ മാതരം പൂർണമായി ആലപിക്കണം എന്നതാണ് പ്രോട്ടോകോളെന്ന് അദ്ദേഹം സ്പീക്കറെ അറിയിച്ചു. വന്ദേമാതരം പൂർണ്ണരൂപത്തിലായിരിക്കണമെന്ന് തന്റെ ഉദ്യോഗസ്ഥർ മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നതായും ഗവർണർ പറഞ്ഞു.

വരും ദിവസങ്ങളിൽ സംസ്ഥാന നിയമസഭ ഇക്കാര്യത്തിൽ തിരുത്തലുകൾ വരുത്തുമെന്നാണ് പ്രതീക്ഷയെന്ന് രാജേന്ദ്ര ആർലേകർ പറഞ്ഞു. സ്പീക്കറുമായി സംസാരിച്ചതിൽ നിന്ന് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതെസമയം വന്ദേ മാതരം വിഷയത്തിൽ യുഡിഎഫിനകത്ത് വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. മുസ്ലിം ലീഗ് ഈ വിഷയത്തിൽ ഇതുവരെ വിയോജിപ്പ് അറിയിച്ചിട്ടില്ലെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിൽ പ്രശ്നം വൈകാരികമായി ഉയരുമോയെന്ന് അവർ ഭയക്കുന്നുണ്ട്. ഇത്തരം ചർച്ചകൾ ആത്യന്തികമായി തങ്ങൾക്കരികിലേക്ക് വരുമെന്ന ആശങ്കയിലുള്ള നിശ്ശബ്ദതയിലാണ് ലീഗ് നിലവിൽ.