വടക്കാഞ്ചേരിയിൽ റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാൻ മരത്തിലിടിച്ച് 15 പേർക്ക് പരിക്കേറ്റു. പുലർച്ചെ 1.30-ഓടെ വടക്കാഞ്ചേരി-കുന്നംകുളം റോഡിലായിരുന്നു അപകടമുണ്ടായത്. ഗുരുവായൂരിലേക്ക് പോകുകയായിരുന്ന പാലക്കാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.

യാത്രയ്ക്കിടെ പെട്ടെന്ന് റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയെ  ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം പെട്ടെന്ന് വെട്ടിച്ചപ്പോൾ വാൻ നിയന്ത്രണം വിട്ട് ആദ്യം ഒരു ലോട്ടറി കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് മുന്നോട്ട് നീങ്ങിയ വാഹനം ഒരു മരത്തിലിടിച്ചാണ് നിന്നത്. അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. 

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ഇവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. ഈ മേഖലയിൽ മുൻപും സമാനമായ അപകടങ്ങളുണ്ടായിട്ടുണ്ടെന്നും ഈ വഴിയിലൂടെ പോകുന്നവർ അതീവ ജാഗ്രത പാലിക്കണെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.