ലോർഡ്‌സിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 151 റൺസിന്റെ ത്രസിപ്പിക്കും ജയം. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, മൂന്നു വിക്കറ്റ് എടുത്ത ജസ്പ്രീത് ബുമ്ര, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവർ ചേർന്നാണ് ലോർഡ്സിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയമൊരുക്കിയത്. 60 പന്തിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 33 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. റോറി ബേൺസ് (0), ഡൊമിനിക് സിബ്‌ലി (0), ഹസീബ് ഹമീദ് (9), ജോണി ബെയർസ്റ്റോ (2), സാം കറൻ (0), ജയിംസ് ആൻഡേഴ്സൻ (0) എന്നിവർ നിരാശപ്പെടുത്തി.