പൊതുചർച്ചകളിൽ എപ്പോഴും ആധിപത്യം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ അടുത്തിടെ സമാപിച്ച ജി7 ഉച്ചകോടിയിൽ തന്റെ പ്രകടനങ്ങൾ കൊണ്ടും വൻ തോതിൽ വൈറലായ “ഞാനാണ് ബോസ്” (I am the boss) എന്ന പരാമർശം കൊണ്ടും പ്രധാന ശ്രദ്ധാകേന്ദ്രമാകാൻ ട്രംപിന് സാധിച്ചു. ഇപ്പോൾ, ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ, വിചിത്രമായ ആ പരാമർശത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ്. അത് താമശരൂപേണ പറഞ്ഞ കാര്യമായിരുന്നുവെന്നാണ് ട്രംപിന്റെ വിശദീകരണം.
ഈ ആഴ്ചയുടെ തുടക്കത്തിൽ നടന്ന ജി7 ഉച്ചകോടിയിൽ ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ട്രംപ് വൈകിയാണ് എത്തിയത്. മുറിയിലേക്ക് കയറുമ്പോൾ, ട്രംപ്, “ഞാനാണ് ബോസ്” എന്ന് തമാശയായി പറഞ്ഞു. ഇത് കേട്ട് കോൺഫറൻസ് ടേബിളിന് ചുറ്റുമിരുന്ന നേതാക്കളിൽ ചിരി പടർത്തി. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്ന് പോകുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിലേക്ക് നയിച്ച ഇറാനുമായുള്ള സമാധാന കരാർ ഉറപ്പിച്ചതിന് ശേഷമാണ് ട്രംപ് ഉച്ചകോടിയിൽ പ്രധാന ശ്രദ്ധാകേന്ദ്രമായത്.



