മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ‘ലൂസിഫര്‍’ ഹിന്ദിയില്‍ വെബ് സീരീസായി വരുന്നു. എട്ട് എപ്പിസോഡുള്ള മിനി സീരീസായി ലൂസിഫര്‍ ഹിന്ദിയില്‍ ചെയ്യുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്ന കാര്യം പൃഥ്വിരാജ് തന്നെയാണ് വെളിപ്പെടുത്തിയത്.

ഹിന്ദിയില്‍ സീരീസ് ഒരുക്കാന്‍ സമയം കണ്ടെത്തുക എന്നതാണ് മുന്നിലുള്ള വെല്ലുവിളിയെന്നും പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു. ലൂസിഫര്‍ സീക്വല്‍ എമ്പൂരാന്‍ അടുത്ത വര്‍ഷം ഇതേ സമയം ചിത്രീകരണം ആരംഭിക്കുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തേ പറഞ്ഞിരുന്നു.മൂന്ന് ഭാഗമുള്ള സീരീസ് ആയാണ് ലൂസിഫര്‍ തുടക്കത്തില്‍ ആലോചിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കാനിരുന്ന എമ്പൂരാന്‍ വൈകുന്നത്.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീക്കാരനായി എത്തിയ ലൂസിഫര്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. സ്റ്റീഫന്റെ മറ്റൊരു മുഖമായ ഖുറേഷി അബ്രാമിനെ കേന്ദ്രീകരിച്ചാണ് എമ്പൂരാന്‍. പൃഥ്വിരാജും മുഴുനീള കഥാപാത്രമായുണ്ടാകും. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ലൂസിഫര്‍ ഹിന്ദി സീരീസിനെക്കുറിച്ച്‌ വെളിപ്പെടുത്തിയത്.

ഹൈദരാബാദില്‍ രണ്ടാമത്തെ സംവിധാന സംരംഭം ബ്രോ ഡാഡിയുടെ ഷൂട്ടിംഗിലാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിനൊപ്പം പൃഥ്വിയും നായകനായ ചിത്രത്തില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, ലാലു അലക്‌സ് എന്നിവര്‍ അഭിനേതാക്കളാണ്. ആശിര്‍വാദ് സിനിമാസാണ് ബ്രോ ഡാഡി നിര്‍മ്മിക്കുന്നത്.