നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ നാല് പേര്‍ കൂടി അറസ്റ്റിലായി. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ലീന മരിയ പോളിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയില്‍ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ടത്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. സുകേഷ് ചന്ദ്രശേഖറുടെ പങ്കാളിയായിരുന്നു ലീന മരിയ പോള്‍. കാനറ ബാങ്കിന്റെ അമ്പത്തൂര്‍ ശാഖയില്‍ നിന്നും 19 കോടിയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62 ലക്ഷവും തട്ടിയെടുത്ത കേസില്‍ ഇരുവരും അറസ്റ്റിലായിരുന്നു.