ഡാലസ് ∙ ഡാലസിലെ പ്രമുഖ ഇമ്മിഗ്രേഷൻ അറ്റോർണി ലാൽ വർഗീസ് കഴിഞ്ഞ 25 വർഷമായി എഴുതിയ നിരവധി ലേഖനങ്ങളുടെ സമാഹരം ‘കണ്ടിന്യൂയിങ് ദി ഫെയ്ത്ത് ജേർണി’ എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം മർത്തോമാ സഭാ സഫ്രഗൻ മെത്രാപോലീത്ത റൈറ്റ് റവ. ഡോ. ഗീവർഗീസ് മാർ തിയോഡഷ്യസ് തിരുമേനി നിർവഹിച്ചു.
മർത്തോമാ മെത്രാപോലീത്ത മോസ്റ്റ് റൈറ്റ് റവ. ഡോ. ജോസഫ് മാർത്തോമാ മെത്രാപോലീത്തയായി സ്ഥാനാരോഹണം നടത്തിയതിന്റെ പതിമൂന്നാം വാർഷികവും, ജോസഫ് മാർ ബർണബാസ് തിരുമേനി, തോമസ് മാർ തിമോത്തിയോസ് തിരുമേനി, ഐസക്ക് മാർ ഫിലക്സിനോസ് തിരുമേനി എന്നിവരുടെ എപ്പിസ്കോപ്പൽ സ്ഥാനാരോഹണത്തിന്റെ 27 –ാം വാർഷീകവും സംയുക്തമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2–ാം തീയ്യതി മർത്തോമാ സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തിൽ നന്ദി സൂചകമായി നടത്തിയ വിശുദ്ധ കുർബ്ബാനക്കുശേഷം നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പാ അഭിവന്ദ്യ ഫിലക്സിനോസ് തിരുമേനിക്ക് പുസ്തകത്തിന്റെ ഒരു കോപ്പി നൽകികൊണ്ടാണ് സഫ്രഗൻ മെത്രാപോലീത്താ പ്രകാശനം നിർവഹിച്ചത്.
ബൈബിൾ സംബന്ധമായ വിഷയങ്ങൾ ഉൾകൊള്ളിച്ചുള്ള ലേഖന സമാഹാരത്തിന്റെ എഡിറ്റിങ് ഡോ. സാക്ക് വർഗീസ് (ലണ്ടൻ) നിർവഹിച്ചിരിക്കുന്നു.
പുസ്തക വില്പനയിൽ നിന്നും ലഭിക്കുന്ന മുഴുവൻ വരുമാനവും അമേരിക്കൻ ഭദ്രാസനം ഏറ്റെടുത്തു നടത്തുന്ന ലൈറ്റ് റ്റു ലൈഫ്. മിഷൻ പരിപാടിക്കുവേണ്ടി ഉപയോഗിക്കുമെന്ന് ലാൽ വർഗീസ് പറഞ്ഞു.
പുസ്കത്തിന്റെ കോപ്പികൾക്ക് ലാൽ വർഗീസ് (972 788 0777) ഫോണിൽ ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്.