മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം ദീപികാ പദുക്കോണിനെയും രാകുൽ പ്രീത് സിംഗിനെയും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ദീപിക നാളെ മുംബൈയിലെത്തും. ഗോവയിൽ ഷൂട്ടിംഗിലുള്ള താരം പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് മുംബൈയിലെത്തുക.
എൻസിബിയുടെ നോട്ടീസ് ലഭിക്കാൻ വൈകിയതാണ് രാകുൽ പ്രീതിന്റെ ചോദ്യം ചെയ്യൽ നാളത്തേക്ക് മാറ്റാൻ കാരണം. തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് രാകുൽ പ്രീത് പറഞ്ഞത് ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ നോട്ടീസ് കൈപ്പറ്റിയതായി പിന്നീട് രാകുൽ പ്രീത് അറിയിച്ചെന്നും നാളെ ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നുമാണ് എൻസിബി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ബോളിവുഡ് താരങ്ങളായ ശ്രദ്ധാ കപൂർ, സാറാ അലിഖാൻ എന്നിവരെ മറ്റന്നാളായിരിക്കും എൻസിബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുക. അതേസമയം ഫാഷൻ ഡിസൈനറായ സിമോൻ കമ്പട്ടയേയും ടെലിവിഷൻ താരങ്ങളായ അബിഗെയ്ൽ പാണ്ഡെ, സനം ജോഹർ എന്നിവരെയും എൻസിബി ഇന്ന് ചോദ്യം ചെയ്തു.



