സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ തനിക്കെതിരെയുള്ള മാധ്യമ റിപ്പോർട്ടുകൾ വിലക്കണമെന്ന് നടി രാകുൽ പ്രീത് സിംഗ്. ഇക്കാര്യം ആവശ്യപ്പെട്ട് നടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

മാധ്യമങ്ങൾ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുവെന്നും, വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെന്നും നടി ആരോപിച്ചു. രാകുൽ പ്രീത് സിംഗിനെ ഇന്നലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

 

അതിനിടെ കേസിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു. ദീപികയെ അഞ്ച് മണിക്കൂറിലേറെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തത്. അതേസമയം, സംവിധായകൻ കരൺ ജോഹറിന്റെ ജീവനക്കാരൻ ക്ഷിതിജ് പ്രസാദിനെ അറസ്റ്റ് ചെയ്തു. ഇരുപത് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.