ലണ്ടൻ സർവകലാശാലയിലെ ബിർക്ക്ബെക്കിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പ്രഭാഷണം തർക്കത്തിൽ കലാശിച്ചു. ഇന്ത്യയിലെ വിയോജിപ്പുകളോടുള്ള സമീപനത്തെ കുറിച്ചുള്ള ആശങ്കകളെയും അദ്ദേഹത്തിന്റെ സമീപകാലത്തെ ‘കോക്ക്രോച്ച്’ പരാമർശത്തെയും കുറിച്ച് സദസ്സിലുണ്ടായിരുന്നവർ ചോദിച്ചതോടെയാണ് ചോദ്യോത്തര വേള തടസ്സപ്പെട്ടത്. ജൂൺ നാലിന് ‘അന്താരാഷ്ട്ര നിയമവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും’ എന്ന വിഷയത്തിൽ സംസാരിക്കാനാണ് ചീഫ് ജസ്റ്റിസ് സർവകലാശാലയിൽ എത്തിയത്. 

വിഷയാവതരണം നടത്തിയ ശേഷം നടന്ന  സംവാദത്തിനിടയിലാണ് ഇതു സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നത്. സദസ്സിലുണ്ടായിരുന്ന ഒരാൾ ഇന്ത്യയിലെ ജനാധിപത്യ പാരമ്പര്യത്തെ കുറിച്ചും വിയോജിപ്പുകളോട് രാജ്യം കാണിക്കുന്ന സമീപനത്തെ കുറിച്ചും ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് ചോദ്യം ഉന്നയിക്കാൻ ശ്രമിച്ചതാണ് തർക്കങ്ങൾക്ക് കാരണമായത്. 

“ഇന്ത്യയ്ക്കുള്ളിലെയും അന്താരാഷ്ട്രതലത്തിലെയും നിരവധി നിയമ നിരീക്ഷകരിൽ നിന്ന് ഞങ്ങൾ ഇപ്പോൾ കേൾക്കുന്നത്, ഇന്ത്യയിൽ വിയോജിപ്പുകളോട് വർദ്ധിച്ചുവരുന്ന ശത്രുതയെ കുറിച്ച് വലിയ ആശങ്കയുണ്ടെന്നാണ്. ഈ ശത്രുത അങ്ങയുടെ പ്രസംഗത്തിലും ഒരു പരിധിവരെ പ്രതിഫലിക്കുന്നതായി തോന്നുന്നു, ഇത് പരക്കെ ചർച്ച ചെയ്യപ്പെട്ടതുമാണ്,” എന്നാണ് അദ്ദേഹം സംവാദത്തിൽ ഉന്നയിച്ചത്.

മേയ് 15-ന് കോടതിയിൽ ചീഫ് ജസ്റ്റിസ് നടത്തിയതും പിന്നീട് ഇന്ത്യയിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചതുമായ പരാമർശങ്ങളെ കുറിച്ച് മറ്റൊരു വ്യക്തിയും ചോദ്യം ഉന്നയിക്കാൻ ശ്രമിച്ചു. എന്നാൽ, മോഡറേറ്റർ ഇടപെട്ട് ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കുകയായിരുന്നു. “ആദരവോടെ പറയട്ടെ, ഈ ചോദ്യങ്ങൾ പരിഗണിക്കാൻ എനിക്ക് സാധിക്കില്ല. കാരണം ഇന്നത്തെ വിഷയം ആർട്ടിഫിഷ്യൽ ഇന്റലിജൻസും അന്താരാഷ്ട്ര നിയമവുമായി ബന്ധപ്പെട്ടതാണ്,” മോഡറേറ്റർ പറഞ്ഞു.

ചർച്ച പുരോഗമിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ചിലർ എഴുന്നേറ്റ് നിന്ന് ആംഗ്യം കാണിക്കുന്നതും പ്രക്ഷുബ്ധമായ അന്തരീക്ഷം രൂപപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഒരു ക്ലിപ്പിൽ, സദസ്സിൽ ശാന്തത ഉറപ്പാക്കാൻ സംഘാടകർ അഭ്യർത്ഥിക്കുന്നത് കേൾക്കാം. “ദയവായി എല്ലാവരും ശാന്തരാകൂ, നമുക്കിത് അവസാനിപ്പിക്കാം, ദയവായി സഹകരിക്കൂ, നന്ദി,” ഒരു സംഘാടകൻ പറഞ്ഞു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സദസ്യർ ഉന്നയിച്ച വിഷയങ്ങളും അവിടെ നടന്ന വാദപ്രതിവാദങ്ങളും വലിയ ചർച്ചാവിഷയമാകുന്നത്.

ലണ്ടനിൽ ചീഫ് ജസ്റ്റിസ് പങ്കെടുത്ത പരിപാടി തടസ്സപ്പെടുത്തിയ നടപടിയെ യു.കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രൂക്ഷമായി വിമർശിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ പെരുമാറ്റം അനുചിതമാണെന്ന് അവർ വിശേഷിപ്പിച്ചു. പരിപാടിയിൽ ഊർജ്ജസ്വലമായ ചർച്ചകളാണ് നടന്നിരുന്നതെന്നും എന്നാൽ ഇതിനിടയിൽ ഒരാൾ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും ഹൈക്കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

“ഇത്തരം അനാദരവോടെയുള്ള പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ല. പൊതുസംവാദങ്ങളിൽ പുലർത്തേണ്ട മര്യാദകൾക്ക് നിരക്കാത്ത നടപടിയാണിത്. അഭിപ്രായ വ്യത്യാസങ്ങൾ ഒരു ജനാധിപത്യ സമൂഹത്തിന്റെ സ്വാഭാവിക ഭാഗമാണ്. എന്നാൽ അവ മാന്യവും ആദരവുള്ളതുമായ രീതിയിൽ വേണം പ്രകടിപ്പിക്കാൻ,” പ്രസ്താവനയിൽ പറയുന്നു.