മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത ബോളിവുഡ് നടി റിയചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. റിയയെ പതിനാല് ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് കോടതി ഉത്തരവ്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിയ ചക്രബര്‍ത്തിയുടെ അറസ്റ്റെന്ന് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചിരുന്നു.

ജാമ്യാപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ട് റിയ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലഹരിക്കടത്ത് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷ്വയ്ക് ചക്രബര്‍ത്തിയേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് ഷ്വയ്കിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മാനേജര്‍ സാമൂവല്‍ മീരാന്‍ഡയെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുശാന്ത് സിങ് മരണുമായി ബന്ധപ്പെട്ട് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ റിയ ചക്രബര്‍ത്തിയുടെ വസതിയിലെത്തിലെത്തി പരിശോധന നടത്തിയിരുന്നു. സുശാന്തിന്റെ മരണത്തില്‍ ലഹരി മരുന്ന് മാഫിയയ്ക്ക് ബന്ധമുണ്ടോയെന്ന കാര്യത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.