പി.പി. ചെറിയാന്‍
വാഷിങ്ടൻ ഡിസി ∙ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ഡിഫൻസ് സെക്രട്ടറി സ്ഥാനത്തേക്ക് റിട്ടയേർഡ് ജനറൽ ലോയ്ഡ് ഓസ്റ്റിനെ (67) തിരഞ്ഞെടുത്തു. നിയമനം സെനറ്റ് അംഗീകരിച്ചാൽ ഈ സ്ഥാനത്ത് നിയമിക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ കറുത്തവർഗക്കാരനായിരിക്കും ലോയ്ഡ് ഓസ്റ്റിൻ.
2016 ൽ 41 വർഷത്തെ സേവനത്തിനുശേഷം റിട്ടയർ ചെയ്തു റെയ്നോൺ ടെക്നോളജി ബോർഡ് മെമ്പറായി പ്രവർത്തിച്ചുവരികയാണ്. 1975 ലാണ് ആദ്യമായി മിലിട്ടറി യൂണിഫോം അണിയുന്നത്.യുഎസ് സെൻട്രൽ കമാൻഡിന്റെ മുൻ കമാണ്ടറും, ആദ്യമായി ഓർസീസിൽ നിയോഗിക്കപ്പെട്ട ആർമി ഡിവിഷന്റെ ആദ്യ ബ്ലാക്ക് കമാൻഡറുമാണ് ലോയ്ഡ് ഓസ്റ്റിൻ. മുൻ ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജെ. ജോൺസൻ ഉൾപ്പെടെയുള്ള നിരവധി പേരെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും, എല്ലാ സമ്മർദങ്ങളേയും മറികടന്ന് പെന്റഗണനെ നയിക്കുന്ന ചുമതല ഓസ്റ്റിനെ ഏൽപിക്കാനാണ് ബൈഡൻ തീരുമാനിച്ചത്.
ബൈഡൻ വൈസ് പ്രസിഡന്റായിരുന്നപ്പോൾ ഒരുമിച്ചു പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഓസ്റ്റിൻ. നിരവധി അവാർഡുകളും ഓസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ബൈഡൻ ഓസ്റ്റിന് ഈ ജോലി ഓഫർ ചെയ്തത്. അന്നു തന്നെ ഓസ്റ്റിൻ അതു സ്വീകരിക്കുകയായിരുന്നു. 1975 ൽ യുഎസ് മിലിട്ടറി അക്കാദമിയിൽ നിന്നാണ് ഓസ്റ്റിൻ ഗ്രാജുവേറ്റ് ചെയ്തത്. അലബാമയിൽ 1953 ആഗസ്റ്റ് 8നായിരുന്നു ഓസ്റ്റിന്റെ ജനനം.