യുക്രെയ്ൻ വിഷയത്തിൽ മലയാളി വിദ്യാർത്ഥികളെ ഉൾപ്പെടെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന പരിശ്രമങ്ങളെ കണ്ടില്ലെന്ന് നടിച്ച് സിപിഎം പ്രമേയം. വിഷയത്തിൽ സംസ്ഥാന സർക്കാർ തുടർച്ചയായ ഇടപെടൽ നടത്തുന്നുണ്ടെന്നും, കേന്ദ്രസർക്കാർ കൂടുതൽ ജാഗ്രത കാണിക്കണമെന്നും സമ്മേളനത്തിന്റെ ആദ്യ ദിനം പുറത്തിറക്കിയ പ്രമേയത്തിൽ സിപിഎം അവകാശപ്പെടുന്നു. യുക്രെയ്‌നിൽ നിന്നും ഓപ്പറേഷൻ ഗംഗ ദൗത്യത്തിന്റെ ഭാഗമായി രണ്ടായിരത്തോളം വിദ്യാർത്ഥികളെ കേന്ദ്രസർക്കാർ സുരക്ഷിതരായി നാട്ടിലെത്തിച്ചിട്ടുണ്ട്. ഇപ്പോഴും ഈ ദൗത്യം വിജയകരമായി തുടരുകയാണ്. ഇതിനിടെയാണ് കേന്ദ്രത്തെ പഴിച്ച് സിപിഎം രംഗത്ത് എത്തിയിരിക്കുന്നത്.
യുക്രെയ്‌നിലെ മലയാളി വിദ്യാർത്ഥികൾ വലിയ യാതനയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശകാര്യ വകുപ്പ് മന്ത്രിക്ക് കത്തെഴുതുകയും, മന്ത്രിയുമായി സംസാരിക്കുകയും ചെയ്തു. തുടർച്ചയായ ഇടപെടൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് അടിയന്തിര ഇടപെടൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും സിപിഎം ആവശ്യപ്പെട്ടു.
യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ നാട്ടിലെത്തിക്കുക.
റഷ്യ- യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് ഉന്നതപഠനത്തിനായി യുക്രെയ്നിൽ എത്തിയ ഇന്ത്യക്കാരായ വിദ്യാർത്ഥികൾ ഉൾപ്പടെ ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഇവിടെ പല നഗരങ്ങളിലായി പഠനത്തിലേർപ്പെട്ട വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനങ്ങൾ ബങ്കറുകളിൽ ഗത്യന്തരമില്ലാതെ അഭയം തേടിയിരിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യം നിലനിൽക്കുകയാണ്. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി ഇവരുടെ ജീവൻ പോലും ഭീഷണി നേരിടുകയാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഇവർ സഹായ അഭ്യർത്ഥന നടത്തിക്കൊണ്ടിരിക്കുകയാണ്.
യുക്രെയ്ൻ നഗരങ്ങളിൽ നിന്ന് മറ്റു അയൽ രാജ്യങ്ങളിലേക്ക് പോലും യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വ്യോമഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ യുക്രെയ്ൻ അധികൃതരുമായും അയൽ രാജ്യങ്ങളിലെ സർക്കാരുകളുമായും അടിയന്തിര ചർച്ച നടത്തി വിദ്യാർത്ഥികൾക്ക് ഉൾപ്പടെ സുരക്ഷിതപാത ഒരുക്കുന്നതിന് ഇന്ത്യ ഗവൺമെന്റിന്റെ കൂടുതൽ ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്. റഷ്യ – യുക്രെയ്ൻ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ തുറന്ന ഏറ്റുമുട്ടൽ ആരംഭിക്കുന്നതിന് മുമ്പ്, ഇന്ത്യൻ വംശജരെ രാജ്യത്ത് എത്തിക്കാൻ ഇന്ത്യൻ സർക്കാർ ജാഗ്രത കാണിച്ചില്ലെന്ന പരാതി വ്യാപകമായുണ്ടെന്നും പ്രമേയത്തിൽ ആരോപണമുണ്ട്.



