അബുദാബി: ആവേശകരമായ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 2 റണ്‍സ് ജയം. 165 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19-ാം ഓവറാണ് മത്സരം കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കിയത്.
അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ 14 റണ്‍സ് വേണമായിരുന്നു. അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്‍ ക്രീസിലുണ്ടായിട്ടും പഞ്ചാബിനെ ഭാഗ്യം തുണച്ചില്ല. അവസാന പന്തില്‍ 7 റണ്‍സ് വേണമായിരുന്നെങ്കിലും മാക്‌സ്‌വെല്‍ സിക്‌സറിനായി ശ്രമിച്ചു. ഒരു ഘട്ടത്തില്‍ സിക്‌സറെന്ന് തോന്നിച്ചെങ്കിലും അംപയര്‍ ബൗണ്ടറിയാണ് അനുവദിച്ചത്. തുടര്‍ന്ന് നടത്തിയ റീപ്ലേയിലും ഇത് ബൗണ്ടറിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കൊല്‍ക്കത്തയ്ക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുനില്‍ നരൈന്‍ 2 വിക്കറ്റ് സ്വന്തമാക്കി.



