പത്തനംതിട്ട: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ആളുകള്‍ കൂട്ടം കൂടുന്നത് തടയാനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍, ചരക്കു വാഹനങ്ങള്‍ക്കും, ട്രെയിന്‍, ബസ്, വിമാന മാര്‍ഗങ്ങളില്‍ നാട്ടിലേക്ക് വരുന്നവര്‍ക്കും ഈ വിലക്കില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഇവരുടെ ഗതാഗതത്തിന് തടസങ്ങള്‍ ഉണ്ടാകരുതെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അറിയിച്ചു.