ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊവിഡ് ബാധിതനായ എം.എല്‍.എ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി. ഷാജാപൂരിലെ കാലാപീപല്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ കൂണാല്‍ ചൗധരിയാണ് പിപിഎ കിറ്റ് ധരിച്ച്‌ സുരക്ഷാ മുന്‍കരുതലുകളോടെ വോട്ട ചെയ്യാനെത്തിയത്.

എല്ലാവരും വോട്ട് ചെയ്തതിനുശേഷം ഏറ്റവും ഒടുവിലാണ് കുണാല്‍ ചൗധരി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്.അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ എന്‍വലപ്പ് പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ്‌ രോഗിയായ എംഎല്‍എ വോട്ട് രേഖപ്പെടുത്തി മടങ്ങിയതിനു പിന്നാലെ നിയമസഭാ മന്ദിരത്തിന്റെ പരിസരം അണുനശീകരണം നടത്തി.

ജൂണ്‍ 14നാണ് കുണാല്‍ ചൗധരിക്ക് കൊവിഡ്‌ സ്ഥിരീകരിച്ചത്. മധ്യപ്രദേശില്‍ മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടിങ് പുരോഗമിക്കുകയാണ്. ആറ് മണിയോടെ ഫലം പ്രഖ്യാപിക്കും.
സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഏറ്റവും ആദ്യം വോട്ട് രേഖപ്പെടുത്തിയത്.
കൊവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു വോട്ടിങ് നടപടികള്‍ നടന്നത്.