ദില്ലി: രോഗബാധിതരുടെ എണ്ണം 3 ലക്ഷം കവിഞ്ഞിട്ടും ഇന്ത്യയില്‍ കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് ഐസിഎംആറിന്‍റെ നിലപാടിനെ വിമര്‍ശിച്ച്‌ വിദഗ്ധര്‍. നിലവിലെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ രാജ്യത്തിന്‍റെ പലയിടത്തും സമൂഹ വ്യാപനത്തിലേക്ക് കടന്നു കഴിഞ്ഞതായി കരുതാമെന്നാണ് എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. എംസി മിശ്ര അഭിപ്രയാപ്പെടുന്നത്. ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നിട്ടില്ല എന്ന് സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണ്. എന്നാല്‍ സത്യം അംഗീകരിക്കാന്‍ തയ്യാറാകണമെന്നും വിദഗ്ധര്‍ പറയുന്നു.

കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പാലായനവും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലിയ തോതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതും രോഗവ്യാപനം വര്‍ധിപ്പിച്ചു. പുതിയ സാഹചര്യത്തില്‍ ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന സ്ഥലങ്ങളിലും വൈറസ് വ്യാപനം സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് 19 സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്ന വസ്തുത ഇനിയെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചെ മതിയാകുവെന്നും ഡോ. മിശ്ര പറഞ്ഞു.

ഇന്ത്യയില്‍ സാമൂഹ്യവ്യാപനം ഇല്ലെന്ന് അവകാശപ്പെട്ട് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെയും ഡോ. മിശ്ര തള്ളിക്കളഞ്ഞു. രാജ്യത്ത് സമൂഹ വ്യാപനം ഇല്ലെങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു ബല്‍റാം ഭാര്‍ഗവ അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഐസിഎംആറിന്‍റെ മുന്നറിയിപ്പ്.

നഗരങ്ങളിലെ ചേരികളിലാണ് വൈറസ് വ്യാപനം ഏറ്റവും കൂടുതലായി ഉള്ളത്. കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നു. അതിനാല്‍ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമാക്കണം. ഏതെങ്കിലും തരത്തിലുള്ള വിട്ടു വീഴ്ചകള്‍ക്ക് സംസ്ഥാനം തയ്യാറായാല്‍ അത് വലിയ പ്രത്യഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ രാജ്യത്ത് സാമൂഹ്യവ്യാപനമില്ലെന്ന നിഗമനത്തിലെത്തിച്ചേരുന്നതിന് ഐസിഎംആര്‍ നടത്തിയ സീറോ സര്‍വേയില്‍ 26,400 സാമ്ബിളുകള്‍ മാത്രമാണ് പരിശോധിച്ചത്. വൈറസ് ബാധയുടെ തോത് എത്രത്തോളമാണെന്ന് കണ്ടെത്താന്‍ ഇത് അപര്യാപ്തമാണ്. പ്രത്യേകിച്ച്‌ ഇന്ത്യയുടെ വൈവിധ്യവും വലിയ ജനസംഖ്യയും കണക്കിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ നേരത്തെ തന്നെ സമൂഹ വ്യാപനതമെന്ന ഘട്ടത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നുവെന്നാണ് പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ അഭിപ്രായപ്പെട്ടത്. ഐസിഎംആറിന്‍റെ റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നത് ഇന്ത്യയില്‍ കോവിഡ‍് സ്ഥിരീകരിക്കപ്പെട്ട 40% പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ലെന്നുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.