രാജ്യത്തിനകത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. പ്രാദേശിക എയര്‍ കണക്ടിവിറ്റി പദ്ധതിയായ ഉഡാനില്‍ ഉള്‍പ്പെടുത്തി 78 സര്‍വ്വീസുകള്‍ക്ക് കൂടിയാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. വടക്കുകിഴക്കന്‍, മലയോര, ദ്വീപ് മേഖലകള്‍ക്ക് പുതിയ പാതകളില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നു. കൊച്ചി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്ന് അഗത്തിയിലേക്കുള്ള സര്‍വീസും പുതിയ അംഗീകൃത പാതകളില്‍ ഉണ്ട്.

വടക്കുകിഴക്കന്‍ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഗുവാഹത്തിയില്‍ നിന്നും തേസ്സു, റുപ്‌സി, തെസ്പൂര്‍, പാസിഗട്ട്, മിസ്സ, ഷില്ലോങ് എന്നിവിടങ്ങളിലേക്കും സര്‍വീസ് ഉണ്ടാകും. ഇതുകൂടാതെ ഹിസാറില്‍ നിന്നും ചണ്ഡീഗഢ്, ഡെറാഡൂണ്‍, ധരംശാല എന്നിവിടങ്ങളിലേക്കും വിമാനസര്‍വീസിന് ഉഡാന്‍ 4ല്‍ അംഗീകാരം നല്‍കി. വാരണാസിയില്‍ നിന്ന് ചിത്രകൂട്, ശ്രാവസ്തി എന്നിവിടങ്ങളിലേക്കുള്ള വ്യോമ സര്‍വീസിനും അംഗീകാരമുണ്ട്. ലക്ഷദ്വീപിലെ അഗത്തി, കവരത്തി, മിനിക്കോയ് ദ്വീപുകളെയും ഉഡാന്‍ നാലാം ഘട്ട പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 766 പാതകള്‍ക്കാണ് ഉഡാന്‍ പദ്ധതിയില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.