ഇടുക്കി: രാജമല പെട്ടിമുടിയിലെ തേയിലത്തോട്ടത്തിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. കനത്ത മഴയും മഞ്ഞുവീഴ്ചയെയും തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് രാവിലെ ആരംഭിക്കുന്നത്.

എന്‍ഡിആര്‍എഫ് സംഘത്തിന്‍റെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവര്‍ത്തനം. കനത്ത മഴ മുന്നില്‍കണ്ട് ദേശീയ ദുരന്തപ്രതികരണ സേനയുടെ ഒരു യൂനിറ്റിനെ ഇടുക്കി ജില്ലയിലേക്ക് നിയോഗിച്ചിരുന്നു.

എന്നാല്‍, വാഗമണ്ണില്‍ കഴിഞ്ഞദിവസം രാത്രി ഒരുകാര്‍ ഒലിച്ചുപോയ സംഭവത്തെതുടര്‍ന്ന് എന്‍ഡിആര്‍എഫ് അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പിന്നീട് ഈ സംഘത്തെ രാജമലയിലേക്ക് നിയോഗിച്ചു. തൃശൂരില്‍ ഉണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെയും രാജമലയിലെ ദുരന്തമേഖലയിലേക്ക് നിയോഗിക്കുകയുണ്ടായി.

ഇതുകൂടാതെ ഫയര്‍ഫോഴ്സിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ എറണാകുളത്തുനിന്നും നിയോഗിച്ചു. വ്യോമസേനയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാനും ശ്രമം നടക്കുന്നുണ്ട്.

അതിനിടെ, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നുവെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയുണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള നാലുലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. കെഡിഎച്ച്‌പി കമ്ബനിയിലെ നയമ്മക്കാട് എസ്റ്റേറ്റിലെ ഫാക്ടറി, എസ്റ്റേറ്റ് തൊഴിലാളികളാണ് പെട്ടിമുടിയിലെ ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മൂന്നാര്‍ മേഖലയില്‍ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു.