സിഡ്നി; ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ ശേഷിച്ച മത്സരങ്ങളില്‍ ഇന്ത്യന്‍ ഓള് റൌണ്ടര്‍ രവീന്ദ്ര ജഡേജ കളിയ്ക്കില്ല. ആദ്യ ടി 20യുടെ അവസാന ഓവറില്‍ നെറ്റിയില്‍ ഇടതുഭാഗത്ത് പന്ത് തട്ടിയുണ്ടായ പരിക്കാണ് ജഡേജയെ ഒഴിവാക്കാന്‍ കാരണം. ബിസിസിഐ മെഡിക്കല്‍ ടീം ഇന്നിംഗ്സ് ഇടവേളയില്‍ ഡ്രസ്സിംഗ് റൂമിലെ ക്ലിനിക്കല്‍ നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത് സ്ഥിരീകരിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ബൌണ്‍സറാണ് ജഡേജയെ പരിക്കേല്‍പ്പിച്ചത്.
ജഡേജ വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്, ശനിയാഴ്ച രാവിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സ്കാനുകള്‍ ചെയ്യും. ഇപ്പോള്‍ നടക്കുന്ന ടി 20 പരമ്പരയില്‍ അദ്ദേഹം കളിക്കില്ല. ജഡേജയ്ക്കു പകരം ഷാര്‍ദുല്‍ താക്കൂറിനെ ഇന്ത്യയുടെ ടി 20 ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ജഡേജ പുറത്താകാതെ 23 പന്തില്‍ അടിച്ചെടുത്ത 44 റണ്‍സാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായത്. –
ഇന്ത്യയുടെ ടി 20 സ്ക്വാഡ്: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്, മയങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ് (ഡബ്ല്യുകെ), വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ , നവദീപ് സൈനി, ദീപക് ചഹാര്‍, ടി നടരാജന്, ശാര്‍ദുല്‍ താക്കൂര്‍.
ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. തുടക്കക്കാരനായ ടി. നടരാജന് മികവ് തെളിയിച്ചപ്പോള്‍ യൂസ്വേന്ദ്ര ചാഹലും വിട്ടുകൊടുത്തില്ല. നാല് ഓവര്‍ എറിഞ്ഞ നടരാജന് 30 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. ചാഹല്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.