ജര്‍മനിയിലെ വിമാനത്താവളത്തില്‍ വെച്ചാണ് ഒരു ബിസിനസുകാരന് രണ്ടരക്കോടി രൂപ വിലമതിക്കുന്ന പെയിന്‍റിംഗ് നഷ്ടമായത്. വ്യാഴാഴ്ചയായിരുന്ന സംഭവം. മോഷണം പോയതാണെന്ന് കരുതിയ വിലമതിക്കുന്ന പെയിന്‍റിംഗ് ഒടുവില്‍ സമീപത്തെ ചവറ്റുകൊട്ടയില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു.

നവംബര്‍ 27 ന് ഡ്യൂസെല്‍ഡോര്‍ഫില്‍ നിന്ന് ടെല്‍ അവീവിലേക്ക് യാത്രചെയ്യാനായി വിമാനത്താവളത്തില്‍ എത്തിയ പേര് വെളിപ്പെടുത്താത്ത ഒരു ബിസിനസുകാരനാണ് പെയിന്‍റിംഗ് നഷ്ടമായത്. ഇസ്രായേലില്‍ വന്നിറങ്ങിയപ്പോഴാണ് സാധനം നഷ്ടമായത് അറിഞ്ഞത്. ഉടന്‍ തന്നെ ഡ്യൂസെല്‍ഡോര്‍ഫ് പോലീസിനെ ബന്ധപ്പെട്ടെങ്കില്‍ കാര്‍ഡ്ബോഡില്‍ പൊതിഞ്ഞ പെയിന്‍റിംഗ് അവിടെ നിന്നും നഷ്ടമായിരുന്നു. 40×60-സെന്റീമീറ്റര്‍ വലുപ്പമുണ്ടായിരുന്ന പെയിന്റിംഗിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ പല ഇമെയിലുകള്‍ പൊലീസിന് അയച്ചിട്ടും പെയിന്‍റിംഗ് കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്ന് പോലീസ് വക്താവ് ആന്‍ഡ്രെ ഹാര്‍ട്ട്വിഗ് പറഞ്ഞു.

പിന്നീട് ബിസിനസുകാരന്‍ അദ്ദേഹത്തിന്റെ മരുമകനെ തന്നെ ബെല്‍ജിയത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് അയച്ചു. കൂടുതല്‍ വിവരങ്ങളുമായി പൊലീസുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് എയര്‍പോര്‍ട്ടിന്റെ ക്ലീനിംഗ് കമ്ബനി ഉപയോഗിക്കുന്ന പേപ്പര്‍ റീസൈക്ലിംഗ് ഡംപ്‌സ്റ്ററില്‍ പരിശോധിക്കാന്‍ ആലോചിച്ചത്. തുടര്‍ന്നുള്ള പരിശോധനയിലാണ് പെയിന്റിംഗ് കണ്ടെത്തിയത്.