യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകൾ തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കാൻ നിയമപരമായി അവകാശമുണ്ടെന്ന് വാദിച്ച് ടെക് ഭീമനായ ഗൂഗിൾ. യൂട്യൂബിന്റെ നിബന്ധനകൾ ക്രിയേറ്റർമാർ അംഗീകരിക്കുന്നതോടെ വിപുലമായ അനുമതി തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നാണ് ഗൂഗിൾ കോടതിയിൽ വ്യക്തമാക്കിയത്. 

ഈ വർഷം ഫെബ്രുവരിയിലാണ് ഗൂഗിൾ ജെമിനി ‘ലൈറിയ 3’ (Lyria 3) പുറത്തിറക്കിയത്. ഇതിൽ പ്രോംപ്റ്റുകൾ നൽകി പാട്ടുകൾ നിർമ്മിക്കാൻ സാധിക്കുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാൽ ഇത് പുറത്തിറങ്ങി അധികം വൈകാതെ തന്നെ, യാതൊരു പ്രതിഫലവും നൽകാതെ യൂട്യൂബിൽ നിന്നുള്ള പാട്ടുകൾ ഉപയോഗിച്ച് ഈ മോഡലിനെ പരിശീലിപ്പിച്ചെന്ന് ആരോപിച്ച് ഗൂഗിളിനെതിരെ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. 

എന്നാൽ ഇതിന് മറുപടിയായി നൽകിയ ഫയലിംഗിലാണ് തങ്ങളുടെ അവകാശവാദത്തെ കുറിച്ച് ഗൂഗിൾ വ്യക്തമാക്കിയത്. ചുരുക്കത്തിൽ, ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ നിങ്ങൾ ഒരു പാട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ, അത് എ.ഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കാനുള്ള അനുമതി നിങ്ങൾ ഗൂഗിളിന് നൽകിയിട്ടുണ്ടെന്നാണ് അർത്ഥമാക്കുന്നത്.