യൂട്ടാ: 51 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 1974 ഒക്ടോബർ 31 ന് യൂട്ടാ കൗണ്ടിയിലെ പാർട്ടിയിൽ നിന്ന് അപ്രത്യക്ഷയായ കൗമാരക്കാരിയായ പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ കുപ്രസിദ്ധ സീരിയൽ കില്ലർ ടെഡ് ബണ്ടിയെന്ന് റിപ്പോർട്ട്. ലോറ ആൻ എയിമിനെ (17) ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ടെഡ് ബണ്ടി പ്രതിയെന്ന് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
1974 ഒക്ടോബർ 31 ന് കാണാതായ ലോറയുടെ മൃതദേഹം 1974 നവംബർ 27 നാണ് അമേരിക്കൻ ഫോർക്ക് കാന്യൻ റോഡിനടുത്തുള്ള പർവതനിരയിലെ അണക്കെട്ടിൽ കണ്ടെത്തിയത്. നഗ്നമായ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ ലൈംഗിക പീഡനത്തിന് ശേഷം പ്രതി ലോറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്ഥീകരിച്ചു.
1989 ജനുവരിയിൽ ഇലക്ട്രിക് ചെയറിൽ വച്ച് വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ്, ലോറയുടെ മരണത്തിന് പിന്നിൽ താൻ ആണെന്ന് കുപ്രസിദ്ധ സീരിയൽ കില്ലർ ടെഡ് സമ്മതിച്ചിരുന്നു. പക്ഷേ ഇത് സ്ഥീകരിക്കാൻ ആവശ്യമായ തെളിവ് ലഭിച്ചിരുന്നില്ല. അന്ന് ലഭ്യമായ ഡിഎൻഎ സാംപിളുകളിൽ നടത്തിയ തുടർ പരിശോധനയിലാണ് ടെഡ് ബണ്ടിയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിചേർന്നത്.



