ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട യു.പിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഉള്‍പ്പോര് മുറുകി. ബി.ജെ.പി തോല്‍വി മണക്കുന്ന സാഹചര്യങ്ങള്‍ക്കിടയില്‍ മന്ത്രിസഭയില്‍ സ്വന്തക്കാരനെ ‘പ്ലാന്റ്’ ചെയ്യാനുള്ള മോദിയുടെ നീക്കം ചെറുത്ത് യോഗി; പ്രശ്നപരിഹാരത്തിന് ആര്.എസ്.എസ് ഇടപെടല്‍.
കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കുന്നതില്‍ കുറ്റകരമായ അലംഭാവം കാട്ടിയ ഏറ്റവും ഒടുവിലത്തെ സംഭവവുംകൂടിയായപ്പോള് സംസ്ഥാനത്ത് പാര്‍ട്ടിയുടെ നിരവധി എം.പിമാരും എം.എല്‍.എമാരും യോഗിയുമായി മുന്നോട്ടുേപാകാന് പറ്റില്ലെന്ന നിലപാടിലാണ്. ആര്.എസ്.എസ് ശക്തമായി പിന്തുണക്കുന്ന യോഗിയെ മാറ്റുക എളുപ്പമല്ലെങ്കിലും മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ശക്തം. തെന്റ വിശ്വസ്തനായ എ.കെ. ശര്‍മയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള ശ്രമത്തിലാണ് മോദി.
മുഖ്യമന്ത്രിമാരുടെ പിറന്നാള്‍ ദിനത്തില്‍ ട്വിറ്ററില്‍ ആശംസ നേരാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗിയുടെ കാര്യത്തില്‍ ഇക്കഴിഞ്ഞ ദിവസം അനങ്ങാതിരുന്നത് ഉള്‍പ്പോര് വിളിച്ചറിയിച്ചു.
മറുവശത്ത്, കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാറിനുണ്ടായ വീഴ്ചകള്‍ മറച്ചുപിടിക്കാന്‍ യു.പിയിലേക്കും തന്നിലേക്കും കുന്തമുന തിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നാണ് യോഗിയുടെ പക്ഷം.
ബി.ജെ.പിയുടെ തട്ടകമായ യു.പിയില്‍ ഇേപ്പാഴൊരു തെരഞ്ഞെടുപ്പ് നടന്നാല്‍ പാര്‍ട്ടി തോറ്റുപോകുമെന്ന സ്ഥിതിയാണ്. കോവിഡ് പ്രതിരോധത്തിലെ വീഴ്ച മാത്രമല്ല, യോഗിയുടെ ഭരണൈശലിയാണ് കാരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മുന്നേറ്റമുണ്ടാക്കിയത് സമാജ്വാദി പാര്‍ട്ടിയാണ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ അവസ്ഥയാണ് മോദി, അമിത് ഷാമാരെ ആശങ്കയിലാക്കുന്നത്.
വോട്ട് സ്വാധീനിക്കാന്‍ തെരഞ്ഞെടുപ്പുനേരത്ത് അയോധ്യ അടക്കമുള്ള വിഷയങ്ങള്‍ എടുത്തിട്ട് വര്‍ഗീയത ആളിക്കാനുള്ള സാധ്യതക്ക് അടിവരയിടുന്നതാണ് സംഭവവികാസങ്ങള്‍. യു.പി അടക്കം വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ രണ്ടു ദിവസമായി ഡല്‍ഹിയില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിലയിരുത്തി. അതനുസരിച്ചുളള മാറ്റങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രകടമാവും.
സംസ്ഥാന ചുമതലയുള്ള ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ രാധാമോഹന്‍ സിങ് ഞായറാഴ്ച ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ ചെന്നുകണ്ടത് മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച ഊഹാപോഹത്തിന് ആക്കം കൂട്ടി. ബി.ജെ.പിയുടെ പ്രവര്‍ത്തനരീതിയനുസരിച്ച്, പുനഃസംഘടന വേണമെങ്കില്‍ ഇത്തരമൊരു കൂടിക്കാഴ്ചയുടെ ആവശ്യമില്ല.
കൂടിക്കാഴ്ചക്ക് പുനഃസംഘടനയുമായി ബന്ധമില്ലെന്ന് രാധാമോഹന്‍ സിങ് വിശദീകരിച്ചിട്ടുമുണ്ട്.



