യു എസ് ഓപ്പണ്‍ ടെന്നീസില്‍ ഇത്തവണ മത്സരിക്കാനില്ലെന്നറിയിച്ച്‌ അമേരിക്കയുടെ ഇതിഹാസ വനിതാ സൂപ്പര്‍താരം സെറീന വില്യംസ്. താരം തന്നെയാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്ന കാര്യം ഇന്‍സ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.

 

 

 

കാലിന്റെ തുടയ്‌ക്കേറ്റ പരിക്ക് ഭേദമാവാത്തതിനാലാണ് സെറീനയുടെ പിന്മാറ്റം. “എന്റെ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ ടീമിന്റെയും ഉപദേശം പരിഗണിച്ച്‌ പരിക്കില്‍ നിന്നും എന്റെ ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കുന്നതിനായി ഞാന്‍ ഇത്തവണത്തെ യു എസ് ഓപ്പണില്‍ നിന്നും പിന്മാറുവാന്‍ തീരുമാനിച്ചു. ന്യൂയോര്‍ക് ലോകത്തിലെ തന്നെ മികച്ച നഗരങ്ങളിലൊന്നാണ്. കൂടാതെ ഞാന്‍ കളിക്കാനേറ്റവും ഇഷ്ട്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നുമാണ്. നിങ്ങളുടെ സ്നേഹത്തിനും നിങ്ങള്‍ തരുന്ന പിന്തുണയ്ക്കും നന്ദി” എന്നാണ് സെറീന ഇന്‍സ്റ്റയില്‍ കുറിച്ചത്.

23 തവണ ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയിട്ടുള്ള സെറീനയുടെ പ്രകടനം ഇല്ലാത്തത് യു എസ് ഓപ്പണിന് നഷ്ട്ടം തന്നെയാണ്. പരിക്കിനെത്തുടര്‍ന്ന് ഇത്തവണത്തെ വിംബിള്‍ഡണ്‍ ആദ്യ റൗണ്ടില്‍ മത്സരത്തിനിടയില്‍ നിന്നും സെറീന പിന്മാറിയിരുന്നു. നേരത്തെ പരിക്കിനെത്തുടര്‍ന്ന് ടെന്നീസ് ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ തുടങ്ങിയ താരങ്ങളും യു എസ് ഓപ്പണില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചിരുന്നു.