ദുബായ്: യുഎഇയുടെ ചൊവ്വാ പര്യവേക്ഷണത്തിന് കാത്തിരിക്കേണ്ടത് ഇനി ആഴ്ചകള്‍ മാത്രം. ജൂലൈ പകുതിയോടെ രാജ്യത്തിന്റെ ചൊവ്വാ പര്യവേക്ഷണ വാഹനമായ ഹോപ്പ് മാനംതൊടുമൈന്നാണ് റിപ്പോര്‍ട്ട്.
പേടകത്തില്‍ ഇന്ധനം നിറക്കുന്ന ജോലികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തുടങ്ങുമെന്നും ഇത് അതിവേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നുമാണ് വിവരം. 483 മില്യണ്‍ കിലോമീറ്ററുകള്‍ ഏഴ്മാസം കൊണ്ട് സഞ്ചരിച്ചാക്കും ദൗത്യം അതിന്റെ ഭ്രമണപഥത്തിലെത്തുക. ചൊവ്വാഗ്രഹത്തിനു ചുറ്റും ഹോപ്പ് ഒരുതവണ വലംവയ്ക്കുന്നതിന് 55 മണിക്കൂറുകള്‍ എടുക്കുമെന്നാണ് വിവരം. 150ലേറെ ശാസ്ത്രജ്ഞരും എന്‍ജിനിയര്‍മാരും ഗവേഷകരുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരിക്കും വിക്ഷേപണം. 2019 ജൂലൈയിലാണ് യുഎഇ സ്പേസ് ഏജന്‍സിയും മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററും ചേര്‍ന്ന് ചരിത്രപരമായ ഈ യാത്രയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയത്.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ ചൊവ്വ ഭൂമിയോട് അടുത്തുവരുന്ന സമയം നോക്കിയായിരുന്നു വിക്ഷേപണം ആസൂത്രണം ചെയ്തത്. എമിറേറ്റ്സ് മാര്‍സ് മിഷന് പദ്ധതിപ്രകാരം ചൊവ്വയിലെ ജലസാന്നിധ്യം അപ്രത്യക്ഷമാവാനുള്ള കാരണമടക്കം ചുവന്ന ഗ്രഹത്തെക്കുറിച്ചുള്ള 1000 ജിഗാബൈറ്റ് ഡേറ്റ ഹോപ്പ് ശേഖരിക്കുമെന്നാണ് കരുതുന്നത്.