അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഔദ്യോഗിക ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. മാസങ്ങൾ നീണ്ട ശത്രുതയ്ക്ക് ശേഷം വലിയൊരു നയതന്ത്ര മുന്നേറ്റത്തിനാണ് ഇതിലൂടെ വഴിതുറന്നിരിക്കുന്നത്.

യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും ഇറാൻ്റെ മുഖ്യ ചർച്ചക്കാരൻ മുഹമ്മദ് ബാഖിർ ഖാലിബാഫും ചേർന്ന് കഴിഞ്ഞ ഞായറാഴ്ച ഒപ്പുവെച്ച രേഖയിൽ ബുധനാഴ്ച ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ ഡിജിറ്റലായി ഒപ്പുവെക്കുകയായിരുന്നു. ഈ ആഴ്ച അവസാനം സ്വിറ്റ്‌സർലൻഡിൽ നടത്താനിരുന്ന ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങിന് പകരമായി ഈ കരാർ ഉടനടി പ്രാബല്യത്തിൽ വന്നു.

ഫ്രാൻസിലെ വെഴ്സായ് കൊട്ടാരത്തിൽ (Palace of Versailles) നടന്ന അത്താഴവിരുന്നിനിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ്-ഇറാൻ കരാറിന്റെ ഹാർഡ് കോപ്പിയിലും ഔദ്യോഗികമായി ഒപ്പുവെച്ചതായി യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടുത്തിരിക്കവെ ട്രംപ് കരാറിൽ ഒപ്പുവെക്കുന്നതിന്റെ വീഡിയോ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടുണ്ട്.