അബുദാബി : യുഎഇയുടെ കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് 107 രാജ്യങ്ങളില്‍ നിന്ന് 15,000 സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറായി മുന്നോട്ടു വന്നു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MOHAP), ആരോഗ്യ വകുപ്പ് – അബുദാബി, അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്ബനി (SEHA) എന്നിവയുമായി സഹകരിച്ച്‌ ജി 42 ഹെല്‍ത്ത്കെയര്‍ ആണ് പരീക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. നിലവില്‍ വോളന്റിയരെ സ്ക്രീന്‍ ചെയ്യുകയും, വാക്സിന്റെ ആദ്യ രണ്ട് കുത്തിവയ്പ്പുകള്‍ നല്‍കുകയും ചെയ്തു. നിര്‍ജ്ജീവമായ വാക്സിന്‍ ഒരു പ്രമുഖ വാക്സിന്‍ നിര്‍മ്മാതാക്കളായ സിനോഫാം സിഎന്‍ബിജിയാണ് വികസിപ്പിച്ചെടുത്തത്. പരീക്ഷണത്തിനു തയ്യാറായവരെ സ്ഥിരമായി നിരീക്ഷണത്തിനും ആരോഗ്യ പരിശോധനകള്‍ക്കും വിധേയരാക്കുകയും, അവരുടെ ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യും. ഇതുവരെയായി 4,500 ല്‍ അധികം എമിറാറ്റികള്‍ ഉള്‍പ്പെടെ 107 വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും വ്യത്യസ്ത ജനങ്ങളുമാണ് സന്നദ്ധപ്രവര്‍ത്തകരില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 140 ലധികം ഡോക്ടര്‍മാരും 300 നഴ്സുമാരും അതില്‍ കൂടുതല്‍ അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫുകളും വാക്സിന്‍ ട്രയല്‍ സുഗമമാക്കാന്‍ സഹായിക്കുന്നുണ്ട്. കോവിഡ് -19 നുള്ള മൂന്നാം ഘട്ട നിര്‍ജ്ജീവമാക്കിയ വാക്സിന്‍ പരീക്ഷണത്തിന് ആദ്യം മുന്നോട്ടുവന്നത് അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദാണ്. അദ്ദേഹത്തിന് ഇതിനകം തന്നെ ഒന്നും രണ്ടും ഷോട്ട് ലഭിച്ചു.

യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MOHAP), ആരോഗ്യവകുപ്പ് – അബുദാബി, അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്ബനി, സിനോഫാറം, G42 ഹെല്‍ത്ത് കെയര്‍ എന്നിവ മാനവികതയുടെ പേരില്‍ എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു.