കിഴക്കൻ ഇന്ത്യയിൽ നാശം വിതച്ച യാസ്‌ ചുഴലി കൊടുങ്കാറ്റ്‌ ദുർബലമായി. ഒഡിഷയിൽ രണ്ടു പേർ മരണപ്പെട്ടു. ഒഡിഷയിലും ബംഗാളിലും 50 തീരദേശ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ബംഗാളിൽ മൂന്നു ലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഝാർഖണ്ഡ്, ബിഹാർ, യുപി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.

ഉച്ചയോടടെ യാസ് അതിതീവ്ര ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റും നാല് മണിക്കൂറിനു ശേഷം ചുഴലിക്കാറ്റുമായി മാറി. വടക്ക്‌ – വടക്ക്‌ പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന യാസ്, അർദ്ധ രാത്രി ഝാർഖണ്ഡിൽ എത്തും. ഒഡിഷ, ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ, യുപി എന്നീ സംസ്ഥാനങ്ങളിൽ രണ്ടുദിവസം ഒറ്റപ്പെട്ട അതിതീവ്ര മഴയും കാറ്റും ഉണ്ടാകാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനൽകി. ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ വേലിയേറ്റം തീരപ്രദേശങ്ങളിൽ സാരമായി ബാധിച്ചിട്ടുണ്ട്. എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.