ന്യൂഡല്‍ഹി: വിരമിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിങ്​ ധോണിക്ക്​ യാത്രയയപ്പ്​ മത്സരം ബി.സി.സി.ഐ ഒരുക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ മറ്റൊരു നിര്‍ദേശവുമായി ഇര്‍ഫാന്‍ പത്താന്‍. യാത്രയയപ്പ്​ ലഭിക്കാതെ വിരമിച്ച 11 താരങ്ങളുടെ ടീം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമുമായി മത്സരിക്കുകയും ഇതില്‍ നിന്നും കിട്ടുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്​ വേണ്ടി ഉപയോഗപ്പെടുത്തണമെന്നും ഇര്‍ഫാന്‍ നിര്‍ദേശിച്ചു.

​തന്നോടൊപ്പം ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്​, രാഹുല്‍ ദ്രാവിഡ്​, വി.വി.എസ്​ ലക്ഷ്​മണ്‍, യുവരാജ്​ സിങ്​, സുരേഷ്​ റെയ്​ന, എം.എസ്​.ധോണി, അജിത്​ അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ എന്നിവരടങ്ങിയ ശരിയായ യാത്രയയപ്പ്​ ലഭിക്കാതെ വിരമിച്ച 11 താരങ്ങളുടെ പേരും പത്താന്‍ നിര്‍ദേശിച്ചു. നിര്‍ദേശത്തെ സ്വാഗതം ചെയ്​ത്​ നിരവധിപേര്‍ രംഗത്തെത്തി.

ഇന്ത്യന്‍ ​ക്രിക്കറ്റിന്​ മികച്ച സംഭാവനകള്‍ നല്‍കിയ താരങ്ങള്‍ക്ക്​ യാത്രയയപ്പ്​ മത്സരം നല്‍കാ​തിരുന്നതില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ട ഇന്ത്യന്‍ ക്രിക്കറ്റ്​ കണ്‍ട്രോള്‍ ബോര്‍ഡ്​ ഈ നിര്‍ദേശത്തോട്​ എങ്ങനെ പ്രതികരിക്കു​മെന്ന്​ കാത്തിരുന്ന്​ കാണണം.