മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ദുല്‍ഖറും നില്‍ക്കുന്നൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ ആണ് ചിത്രം ആദ്യം പുറത്തുവിട്ടത്. പിന്നീട് പൃഥ്വിരാജും ദുല്‍ഖറും ഫോട്ടോ പങ്കുവച്ചു.

ഇതിന് അടിക്കുറിപ്പ് വേണ്ട എന്നായിരുന്നു ചിത്രം പങ്കുവെച്ച്‌ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പിന്നീട് അജു വര്‍ഗ്ഗീസ് അടക്കമുള്ള താരങ്ങള്‍ ഷെയര്‍ ചെയ്തു. താരരാജകുമാരന്മാര്‍ താരരാജാവിനോടൊപ്പം എന്ന് കുറിച്ചാണ് ആരാധകര്‍ ഈ ചിത്രം പങ്കുവയ്ക്കുന്നത്.

ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി ഊഹാപോഹങ്ങളാണ് ആരാധകര്‍ നടത്തുന്നത്. ഇതോടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്ബുരാനില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നുണ്ടോ എന്നാണ് ആരാധകര്‍ ഉന്നയിച്ച ഒരു ചോദ്യം.

ഇതിന് പിന്നാലെ ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്ബനി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്നും പൃഥ്വി സംവിധാനം ചെയ്യുമെന്നും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

എന്നാല്‍ ഇതല്ലെന്നും മൂന്ന് പേരും ഒരുമിച്ച്‌ അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇതെന്നും ആരാധകര്‍ വാദിക്കുന്നുണ്ട്. ഇവര് മൂന്നും വന്നാല്‍ ‘പൊളിക്കും’ എന്ന പ്രതീക്ഷയും കമന്റുകളായി വരുന്നുണ്ട്.

മോഹന്‍ലാലിന്റെതായി ഉടന്‍ ചിത്രീകരണം തുടങ്ങാനുള്ളത് ദൃശ്യം രണ്ട് ആണ്. ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ താടിവടിച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്.