ഇന്ത്യ-ചൈന അതിർത്തിയിൽ മോസ്‌കോ ചർച്ചയ്ക്ക് മുൻപ് വെടിവയ്പ് നടന്നതായി റിപ്പോർട്ടുകൾ. 200 റൗണ്ട് വരെ ഇരു സൈന്യങ്ങളും ആകാശത്തേക്ക് വെടിയുതിർത്തതായാണ് വിവരം. റിപ്പോർട്ട് പുറത്തുവിട്ടത് ഇംഗ്ലീഷ് ദിനപത്രമാണ്.
സംഘർഷം നടന്നത് ലഡാക്കിലെ ഫിംഗർ 3,4 മേഖലയിലായിരുന്നു. പാൻഗോങ് സൊ തടാകത്തിന്റെ വടക്കേ തീരത്തായിരുന്നു സംഭവം. ഇത് ചുഷൂൽ വെടിവയ്പ്പിനേക്കാൾ തീവ്രമായിരുന്നുവെന്നും റിപ്പോർട്ടുകൾ. സെപ്റ്റംബർ പത്തിനായിരുന്നു സംഘർഷം നടന്നത്. സെപ്റ്റംബർ ഏഴിനാണ് ചുഷൂൽ ഉപമേഖലയിൽ വെടിവയ്പുണ്ടായത്.
അതേസമയം ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യസഭയിൽ പ്രസ്താവന നടത്തും. രാവിലെ പതിനൊന്ന് മണിക്കാണ് പ്രസ്താവന. സമാധാനപരമായ പരിഹാരത്തിനാണ് രാജ്യം ശ്രമിക്കുന്നതെന്നും പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഇന്നലെ ലോക്‌സഭയിൽ പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു.
ശൈത്യക്കാലത്തും ചൈനീസ് സൈന്യത്തിന്റെ പ്രകോപനം നേരിടാൻ കരസേനയെ സജ്ജമാക്കി തുടങ്ങി. ശൈത്യക്കാല വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും അടക്കം അതിർത്തി മേഖലകളിൽ എത്തിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. അരുണാചൽ അതിർത്തിയിൽ ചൈന കൂടുതൽ സൈനികരെ വിന്യസിച്ചെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെ കരസേന അതീവജാഗ്രത തുടരുകയാണ്.



