കൊച്ചി: എറണാകുളം മെഡിക്കല്‍ കോളജിലെ കൊവിഡ്‌ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് മോഷണക്കേസ് പ്രതി ഡ്രാക്കുള സുരേഷ് രക്ഷപെട്ടു. കൊവിഡ് നെഗറ്റീവായതോടെ ഇന്ന് രാവിലെ സുരേഷിനെ ആലുവ സബ് ജയിലിലേക്ക് മാറ്റാന്‍ തുടങ്ങിയപ്പോഴാണ് പൊലീസുകാരുടെ കണ്ണുവെട്ടിച്ച്‌ ഓടിയത്. പൊലീസുകാര്‍ പിപിഇ കിറ്റ് ധരിക്കാന്‍ പോയപ്പോഴായിരുന്നു സുരേഷ് രക്ഷപെട്ടത്.

പെരുമ്പാവൂരിലെ മോഷണക്കേസില്‍ പിടിയിലായ സുരേഷ് മുന്‍പ് രണ്ടു പ്രാവശ്യം കറുകുറ്റിയിലെ എഫ്‌എല്‍സിറ്റിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. പൊലീസിനെ ആക്രമിച്ചായിരുന്നു കടന്നു കളഞ്ഞത്. ഇതോടെ റൂറല്‍ എസ്പി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തി പെരുമ്പാവൂരില്‍ വച്ച്‌ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെയാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എഫ് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.