രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ, മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഈടാക്കില്ലെന്ന തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസിലാക്കണമെന്ന് നിരീക്ഷിച്ച കോടതി, അവരുടെ ദീപാവലി ആഘോഷം സര്‍ക്കാരിന്റെ കൈയിലാണെന്നും വ്യക്തമാക്കി. മൊറട്ടോറിയം ഹര്‍ജികള്‍ നവംബര്‍ രണ്ടിന് പരിഗണിക്കാനായി മാറ്റി.
രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ, മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, തീരുമാനം എപ്പോള്‍ നടപ്പിലാക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു. തീരുമാനമെടുത്തു കഴിഞ്ഞാല്‍ നടപ്പാക്കല്‍ വൈകിപ്പിക്കേണ്ട കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. തീരുമാനം നടപ്പാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി. ബാങ്കുകള്‍ കൂട്ടുപലിശ ഒഴിവാക്കും. സര്‍ക്കാര്‍ ആ തുക ബാങ്കുകള്‍ക്ക് നല്‍കും. നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
സാധാരണക്കാര്‍ക്ക് ചില ഇളവുകള്‍ എങ്കിലും നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് നിരീക്ഷിച്ച കോടതി, തീരുമാനം നടപ്പാക്കാന്‍ സമയം ആവശ്യമുണ്ടെന്ന നിലപാട് തള്ളി. നവംബര്‍ രണ്ടിന് കേസ് ലിസ്റ്റ് ചെയ്യാമെന്ന് വ്യക്തമാക്കിയ കോടതി, തീരുമാനം നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അന്ന് അറിയിക്കണമെന്നും നിര്‍ദേശിച്ചു.



