യു.ഡി.എഫ് സർക്കാർ അധികാരം ഏറ്റെടുത്ത് ദിവസങ്ങൾക്കകം, മുനമ്പം വഖഫ് വിഷയം വീണ്ടും സജീവമാകുന്നു. മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് ബോർഡ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്തു. മുനമ്പത്തെ ഭൂമി വഖഫ് സ്വത്താണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും, ഇത്തരം സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ വഖഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ പറഞ്ഞു.

രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ, തത്സമയ പരിശോധന, നിരീക്ഷണം എന്നിവയ്ക്കായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം തുടങ്ങിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഉമീദ് (UMEED- Unified Waqf Management, Empowerment, Efficiency and Development). ചില ഭൂമികളുടെ വഖഫ് പദവിയെ ചൊല്ലി തർക്കങ്ങളുണ്ടെന്നും എന്നാൽ അത് കണക്കിലെടുക്കാതെ, ബോർഡ് വഖഫ് ആയി കണക്കാക്കുന്ന എല്ലാ സ്വത്തുക്കളും പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സുപ്രീം കോടതി ഉത്തരവും അതിന്റെ പ്രാഥമിക കണ്ടെത്തലുകളും ബോർഡിന്റെ നിലപാടിന് അനുസൃതമാണെന്നും ഹംസ അവകാശപ്പെട്ടു.