തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഉപവാസ സമരം നടത്തും. ഇന്ദിരാഭവനില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് ഉപവാസം. വൈകിട്ട് ഏഴിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് സര്‍ക്കാരിനെതിരായ തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കും.

കെപിസിസി പ്രസിഡന്റ് നയിക്കുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും സത്യാഗ്രഹം നടത്തും.

കൂടാതെ, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കുന്ന കാര്യവും ചര്‍ച്ചയാകും. അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടു നിന്ന കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം യുഡിഎഫില്‍ ശക്തമായി.

അതേസമയം, എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. നാല്‍പ്പതിനെതിരെ 87 വോട്ടിനു പ്രമേയം നിയമസഭ തള്ളി. വിഡി സതീശന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേല്‍ 11 മണിക്കൂറിലേറെ ചര്‍ച്ച നീണ്ടു.

സ്വര്‍ണക്കടത്ത്, കണ്‍സള്‍ട്ടന്‍സി വിവാദം, തിരുവനന്തപുരം വിമാനത്താവളം, ലൈഫ് മിഷന്‍, പിഎസ്‌സി നിയമനം, വികസനം തുടങ്ങിയ വിഷയങ്ങളില്‍ ഇരുപക്ഷവും പരസ്പരം കടന്നാക്രമിച്ചു. തിങ്കളാഴ്ച രാത്രി 9.30നുശേഷമാണു വോട്ടെടുപ്പ് നടന്നത്. രാവിലെ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നതെങ്കിലും രാത്രി 9.30 വരെ നീളുകയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗത്തിനാണ് ഇന്നലെ അംഗങ്ങള്‍ സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം 3.45 മണിക്കൂര്‍ നീണ്ടു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി തന്‍റെ ഓഫീസിനെ ബന്ധിപ്പിക്കാന്‍ ഗൂഡാലോചന നടക്കുന്നതായി ആരോപിച്ച മുഖ്യമന്ത്രി ഇനി ജനമധ്യത്തില്‍ കാണാമെന്ന് പറഞ്ഞു.

അതേസമയം, തങ്ങളുടെ ആരോപണങ്ങള്‍ക്കു മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കുന്നില്ലെന്നു പറഞ്ഞു പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചു. ആരോപണങ്ങള്‍ക്കു മറുപടി പറയാതെ മുഖ്യമന്ത്രി പ്രസംഗം വലിച്ചു നീട്ടുകയാണെന്നായിരുന്നു പ്രതിക്ഷ ആരോപണം. ലൈഫ് മിഷന്‍ വിവാദത്തില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടി എന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷനേതാവ് ജനങ്ങള്‍ അവിശ്വാസം പാസ്സാക്കിയെന്നും പ്രതികരിച്ചു.

നിയമസഭയുടെ ചരിത്രത്തില്‍, ചര്‍ച്ചയ്ക്കെടുക്കുന്ന 16-ാമത്തെ അവിശ്വാസപ്രമേയമാണ് ഇന്നലെ അവതരിപ്പിച്ചത്. ഒന്നാം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായി 2005 ജൂലൈ 12 ന് കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന പ്രമേയമാണ് ഇതിനു മുന്‍പത്തേത്. ഇന്ന് വിഡി സതീശന്‍ അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ അഞ്ച് മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്.