സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിനായുള്ള ചർച്ചകൾ മുറുകുന്നതിനിടെ ഡൽഹിയിലെത്തി വി.ഡി സതീശനും രമേശ് ചെന്നിത്തലയും. എ.ഐ.സി.സി കൂടിയാലോചനകൾക്ക് ശേഷം മുഖ്യമന്ത്രി ആരാകുമെന്നതിൽ ഹൈക്കമാൻഡ് നിർണ്ണായക തീരുമാനം എടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പം ഇരുവരുമുണ്ട്.

ഇരുവരും ഡൽഹിയിലെത്തി എഐസിസി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതോടെ നടപടിക്രമങ്ങൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടിക്കുള്ളിലെ ജനാധിപത്യപരമായ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഹൈക്കമാൻഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.