ഐപിഎൽ പതിമൂന്നാം സീസണിലെ അഞ്ചാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടന്ന ഉദ്ഘാടന മത്സരം പരാജയപ്പെട്ടതു കൊണ്ട് തന്നെ മുംബൈക്ക് ജയം അനിവാര്യമാണ്. കൊൽക്കത്തയുടെ ആദ്യ മത്സരമാണിത്. ജയത്തോടെ ക്യാമ്പയിൻ തുടങ്ങുക എന്നതാവും കൊൽക്കത്തയുടെ ലക്ഷ്യം. അബുദാബി ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം.
ഉദ്ഘാടന മത്സരം നടന്ന അതേ പിച്ചിലാണ് ഇന്നത്തെ മത്സരം എന്നത് മുംബൈക്ക് ഗുണമാണ്. പിച്ചിനെപ്പറ്റി ഏകദേശ ധാരണ മുംബൈക്കുണ്ടാവും. മാച്ച് ഫിറ്റല്ലാത്തതു കൊണ്ട് മാത്രം പുറത്തിരുന്ന നതാൻ കോൾട്ടർനൈൽ ഇന്ന് ടീമിലെത്താൻ സാധ്യതയുണ്ട്. കോൾട്ടർനൈലിനു പകരം ടീമിലിടം നേടിയ ജെയിംസ് പാറ്റിൻസൺ മികച്ച പ്രകടനം നടത്തിയത് മാനേജ്മെൻ്റിനു തലവേദനയാകും. മറ്റൊരു വിദേശ പേസർ ട്രെൻ്റ് ബോൾട്ടാണ്. മിക്കവാറും പാറ്റിൻസൺ കോൾട്ടർനൈലിനു വഴിമാറി കൊടുക്കേണ്ടി വരും. ഇഷാൻ കിഷൻ 100 ശതമാനം മാറ്റ് ഫിറ്റല്ലാത്തതു കൊണ്ട് ആദ്യ കളിയിൽ അവസരം നേടിയ സൗരഭ് തിവാരി മികച്ച പ്രകടനം കാഴ്ച വെച്ചതുകൊണ്ട് തന്നെ കിഷൻ ഇന്നും പുറത്തിരുന്നേക്കും.
കൊൽക്കത്തയ്ക്കാവട്ടെ, ഓയിൻ മോർഗൻ, സുനിൽ നരേൻ, ആന്ദ്രേ റസ്സൽ, പാറ്റ് കമ്മിൻസ്, ക്രിസ് ഗ്രീൻ, ലോക്കി ഫെർഗൂസൻ, അലി ഖാൻ, ടോം ബാൻ്റൺ എന്നിങ്ങനെ ഒരുപിടി മികച്ച വിദേശ താരങ്ങളുണ്ട്. ഇവരിൽ റസ്സൽ, നരേൻ എന്നിവർ ഉറപ്പാണ്. ഓയിൻ മോർഗൻ/ടോം ബാൻ്റൺ എന്നിവരെ പരിഗണിക്കുമ്പോൾ മോർഗനും ടീമിലെത്തും. കമ്മിൻസ്, ഫെർഗൂസൻ എന്നിവരിൽ എക്സ്പെരിയൻസ് കമ്മിൻസിനു നേട്ടമാവും. പേസ് ഡിപ്പാർട്ട്മെൻ്റിൽ കമ്മിൻസിനൊപ്പം ശിവം മവി, കമലേഷ് നഗർകൊടി, മലയാളി താരം സന്ദീപ് വാര്യർ എന്നിവരിൽ രണ്ട് പേർക്കാവും അവസരം ലഭിക്കുക.