തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലെ പുതിയ മാറ്റങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്. കടകളിലും മറ്റ് സ്ഥാപനങ്ങളിലും പോകുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗുഹാവത്തി ഹൈക്കോടതിയുടെ മുന്‍ നിരീക്ഷണം ആണ് ഇതിനായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ്, കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയെന്ന രേഖ തുടങ്ങിയവ കൈയ്യില്‍ ഉള്ളവര്‍ മാത്രമേ ഇനി പുറത്തിറങ്ങാന്‍ പാടുള്ളു. അത്തരക്കാര്‍ക്ക് മാത്രമേ കടകളില്‍ നിന്നും സാധനം വാങ്ങാന്‍ അനുമതിയുള്ളുവെന്നാണ് പുതിയ ഉത്തരവ്. എന്നാല്‍, സമാന നടപടി സ്വീകരിച്ച മിസോറാം സര്‍ക്കാരിന്റെ ഉത്തരവിനെതിരെ ഗുവാഹത്തി ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ഭരണഘടനാ വിരുദ്ധമെന്നായിരുന്നു ഗുവാഹത്തി ഹൈക്കോടതി ഉത്തരവിനെ നിരീക്ഷിച്ചത്.

രാജ്യത്തെ ഒരു ഹൈക്കോടതി വിമര്‍ശിച്ച അതെ രീതി തന്നെയാണ് കേരള സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. കൊവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ പൊതുയിടങ്ങളില്‍ ഇറങ്ങാന്‍ പാടില്ലെന്ന മിസോറാം സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഗുവാഹത്തി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജൂലൈ അഞ്ചിനായിരുന്നു കോടതി ഉത്തരവ് പുറത്തുവന്നത്. പൗരന്‍മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഉത്തരവെന്നും വാക്‌സിന്‍ എടുക്കാത്തവര്‍ പൊതുനിരത്തില്‍ ഇറങ്ങാന്‍ പാടില്ലെന്ന് ശഠിക്കാനാകില്ലെന്നുമായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് കടകളിലും മറ്റ് സ്ഥാപനങ്ങളിലും പോകുന്നതിന് പുതിയ നിബന്ധനകള്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരത്തടക്കം കടകളിലെത്താന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്, കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ്, രോഗംമാറിയ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കുമെന്ന് കളക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കാം. ഇന്ന് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് തദ്ദേശസ്ഥാപന പ്രതിനിധികള്‍ പറയുന്നത്.

അതേസമയം, വ്യപാരിവ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റി ഇന്ന് യോ​ഗം ചേരും. കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദ്ദേശം പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ഇതുള്‍പ്പെടെയുളള അണ്‍ലോക്ക് നിബന്ധനകളില്‍ മാറ്റം വരുത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കും.

പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതില്‍ താഴേത്തട്ടില്‍ ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം.