സിൽജി ജെ ടോം
ഡിട്രോയിറ്റ് : സമൂഹത്തിന്റെ സർഗാത്മകതയെ അപചയത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് ഇന്ന് നടക്കുന്നതെന്ന് ‘മിലൻ’ ഇരുപതാം വാർഷികം ഉദ്‌ഘാടനം ചെയ്‌ത് കേരള സാഹിത്യ അക്കാദമി ചെയർമാനും മലയാളികളുടെ പ്രിയ കഥാകാരനുമായ വൈശാഖൻ മാഷ്. മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷൻ -മിലൻ, രണ്ടു പതിറ്റാണ്ടു കാലത്തെ സാഹിത്യ സേവനവും ഭാഷാ പോഷണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയതിന്റെ നിറവിൽ ഡിസംബർ 12 നാണ് സൂം വെബ്‌നാറിലൂടെ വാർഷികം ആഘോഷിച്ചത്.
ചിന്താപരമായ ഔന്നത്യത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളെ ഇന്ന് മാധ്യമങ്ങൾ അവഗണിക്കുകയാണ്. സിനിമാതാരങ്ങളെയും കായിക താരങ്ങളെയും അധമ വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന കച്ചവട സിനിമകളെയുമാണ് മാധ്യമങ്ങൾ ഇന്ന് പ്രോത്സാഹിപ്പിക്കുന്നത് . സൂം വെബ്നാർ ഉദ്‌ഘാടനം ചെയ്തു വൈശാഖൻ മാഷ് പറഞ്ഞു .
ശാസ്ത്രീയ ഉപകരണങ്ങളുടെ പിൻബലത്തിൽ ജീവിക്കുന്ന ഇക്കാലത്തും മത രാഷ്ട്ര വാദവും മത മൗലിക വാദവും ഉയരുന്നു. കേരളത്തിലും ഇത്തരം സാഹചര്യങ്ങൾ സംഭവിച്ചു തുടങ്ങുന്നതിൽ അദ്ദേഹം ആശങ്ക പങ്കുവെച്ചു. മിലനും അമേരിക്കയിലെ മറ്റ് സംഘടനകൾക്കും മലയാളികളുടെ സ്വത്വത്തെ മറ്റുള്ളവർക്ക് മുന്നിൽ ഉയർത്തിപ്പിടിക്കാൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു .
മുഖ്യാതിഥിയായി എത്തിയ, ചുരുങ്ങിയ കാലംകൊണ്ട് സഹൃദയ മനസ്സുകളിൽ ഇടം നേടിയ പ്രമുഖ നോവലിസ്റ്റ് കെ. വി. മോഹൻകുമാർ ഐ എ എസ് ‘സംസ്കൃതിയെ സംരക്ഷിക്കുന്നതിൽ ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള പങ്കി’നെക്കുറിച്ചു സംസാരിച്ചു. സംസ്കൃതി എന്നാൽ ഓർമകളുടെ അറകളാണ്, ചരിത്രത്തിൽ നിന്ന് മാറ്റിനിർത്താനാവാത്ത ചരിത്രത്തിന്റെ അനിഷേധ്യ ഭാഗമായ ജീനുകൾ പേറുന്ന ഓർമകളാണ് . തനിക്ക് ചുറ്റുമുള്ള പുറം കാഴ്ചകളിലേക്ക് തുറിച്ചു നോക്കാൻ ആരംഭിക്കുന്നതിലൂടെയാണ് ഒരാൾ എഴുതാൻ തുടങ്ങുക. എഴുത്തുകാരൻ എഴുതാൻ തുടങ്ങുമ്പോൾ അവ രചനകളായി രൂപപ്പെടണമെങ്കിൽ എഴുത്തുകാരന്റെ തുറിച്ചുനോട്ടം സംസ്കൃതിയെക്കൂടി ഉൾക്കൊള്ളുന്നതാകണം . കാലഘട്ടത്തിന്റെ ബോധ്യത്തിൽ നിന്നാണ് എഴുത്തുകാരൻ എഴുതുന്നത്. സംസ്കൃതി എഴുത്തുകാരൻ ജീവിച്ചിരിക്കുന്ന കാലഘട്ടത്തോടുള്ള പ്രതികരണമാണ് , സാഹിത്യവും ഭാഷയും എക്കാലവും സംസ്കൃതിയുടെ വാഹിനികളാണ്. അദ്ദേഹം പറഞ്ഞു.
”കലയും സാഹിത്യവും ലക്ഷ്യമിടുന്നത് മനസിന്റെ വിമലീകരണമാണ്. എഴുത്ത് ഏറ്റവും വലിയ ആത്മപ്രകാശനമാണ്, ആത്മാവിഷ്കാരമാണ്.” സാഹിത്യ അക്കാദമി മുൻ അംഗവും മുൻ വനിതാകമ്മീഷൻ മെമ്പറും എഴുത്തുകാരിയുമായ ഡോ: പ്രമീളാ ദേവി പറഞ്ഞു . ”പക്ഷിക്ക് ചിറകു വിടർത്തി പറന്നുയരുന്നതാണ് ആത്മാവിഷ്കാരം. പൂവിനു സൗരഭ്യം പരത്തുന്നതാണ്, ഇതൾ വിടർത്തുന്നതാണ്ആത്മാവിഷ്കാരം ,എഴുത്തുകാരനെ സംന്ധിച്ചിടത്തോളം എഴുത്ത് ഏറ്റവും വലിയ ആത്മപ്രകാശനമാണ്. തന്റെ മനസിന്റെ പൂട്ട് തുറന്നു വിശാലാകാശത്തിലേക്കു പറത്തിവിടാൻ കഴിയുന്ന അനുഭവമാണ് സ്ത്രീക്ക് എഴുത്ത് . എഴുതുന്ന നിമിഷങ്ങൾ പരമസ്വാതന്ത്ര്യത്തിന്റെ പരമാനന്ദത്തിന്റെ നിമിഷങ്ങളാണ്. സ്ത്രീയുടെ സ്വാതന്ത്ര്യം ആരും നൽകേണ്ടതല്ല അത് നേടിയെടുക്കേണ്ടതാണ്. അത് നമ്മൾ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. ഓരോ സ്ത്രീയും തന്റേതായ ഇടം എങ്ങനെ നേടിയെടുക്കാം എന്ന് ചിന്തിക്കണം. വേലിക്കെട്ടുകൾ മറികടന്നു സ്വയം ആവിഷ്കരിക്കുക ഒരു ജന്മത്തിലെ ആനന്ദമാണെന്നു തിരിച്ചറിഞ്ഞാൽ അതിന് സ്ത്രീ ശ്രമിക്കണം. പെണ്ണെഴുത്ത് എന്ന് കാറ്റഗറൈസ് ചെയ്യുന്നതിന് പകരം എ ഴുത്ത് ഹൃദയത്തെ ആർദ്രമാക്കുന്നുണ്ടോ സ്പര്ശിക്കുന്നുണ്ടോ വായനക്കാരനെ അനുഭവിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രസക്തം .” ഡോ .പ്രമീള ദേവി ചൂണ്ടിക്കാട്ടി.
കലാസാഹിത്യ രംഗത്ത് വലിയൊരു ഡീ സെൻട്രലൈസേഷൻ കോവിഡ് കാലത്തുണ്ടായി എന്ന്
യു. എൻ. രക്ഷാസമിതി ദുരന്തനിവാരണ സേനാ മേധാവി ഡോ.മുരളി തുമ്മാരുകുടി പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. നാലാം വ്യവസായ വിപ്ലവം തൊഴിലില്ലായ്മയുടെ കാലമാണ് . എവിടെയിരുന്നും തൊഴിൽ ചെയ്യാവുന്ന സാഹചര്യമൊരുങ്ങും. അങ്ങനെയൊരു കാലത്തു ഈ കോവിഡ് കാലത്തുണ്ടായത് പോലെ തന്നെ കലയും സാഹിത്യവും വർധിക്കും. നിർമിതബുദ്ധിയുടെ കാലവും കലയുടെ വസന്തകാലം കൊണ്ടുവരും. മനുഷ്യനേക്കാൾ നന്നായി നിർമിതബുദ്ധി കഥയും കവിതയും എഴുതുന്ന കാലമാണ് വരാനിരിയ്ക്കുന്നത് . ഭാവിയിൽ നിർമിതബുദ്ധിപോലെ തന്നെ പ്രസക്തമാണ് കാലാവസ്ഥാ വ്യതിയാനവും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു ശാസ്ത്രജ്ഞർ സംസാരിക്കുന്നുണ്ടെങ്കിലും ആളുകൾ ഇതിനെക്കുറിച്ചു ബോധവാന്മാരല്ല. കാലാവസ്ഥാവ്യതിയാനം വെല്ലുവിളിയാണ് എന്ന സന്ദേശം ആളുകളിലെത്തണം, ഇതിനെക്കുറിച്ചു നല്ല സന്ദേശങ്ങൾ അടങ്ങിയ പുസ്തകങ്ങൾ ആളുകളിലെത്തണം. മിലന് ആശംസകൾ നേർന്ന് തുമ്മാരുകുടി ചൂണ്ടിക്കാട്ടി.
1999 ഒക്ടോബറിൽ രൂപീകൃതമായ വേളയിൽ തന്നെ രാഷ്ട്രീയ, ജാതി, വർണ, വർഗ വൈരുധ്യങ്ങളുടെ മതിലുകൾ കൊണ്ട് വേർതിരിക്കാത്ത, സ്വതന്ത്ര ചിന്തയുടെ ശുദ്ധമായ ഒരു പുണ്യ ക്ഷേത്രമായിരിക്കണം മിലൻ എന്ന് തങ്ങൾ വിഭാവനം ചെയ്തിരുന്നു എന്ന് മിലൻറെ പ്രവർത്തനത്തെ വിലയിരുത്തിയ സ്ഥാപക സെക്രട്ടറിയും വൈസ് പ്രസിഡന്റുമായ തോമസ് കർത്തനാൽ പറഞ്ഞു . 20 വര്ഷം കഴിയുമ്പോഴും നാളിതുവരെ ആ മഹത് ചിന്ത നിലനിർത്തികൊണ്ടുപോകാൻ സാധിക്കുന്നതിൽ അദ്ദേഹം സന്തോഷം പങ്കുവെച്ചു .1999 ൽ ഡോ. സുരേന്ദ്രൻ നായരുടെയും നിലവിലെ സെക്രട്ടറി അബ്ദുൾ പുന്നയൂർക്കുളത്തിന്റെയും നേതൃത്വത്തിലാണ് മിലൻറെ തുടക്കം. തുടർന്ന് തോമസ് കർത്തനാലിന്റെയും മാത്യു ചെരുവിലിന്റെയും സഹകരണത്തിൽ സുരേന്ദ്രൻ നായർ സ്ഥാപക പ്രസിഡന്റും തോമസ് കർത്തനാൽ സെക്രട്ടറിയും അബ്ദുൾ പുന്നയൂർക്കുളം ജോയിന്റ് സെക്രട്ടറിയുമായി മിലന് സംഘടനാ രൂപമായി. ചെമ്മനം ചാക്കോ, വേളൂർ കൃഷ്ണൻകുട്ടി, ആർട്ടിസ്റ്റ് സുകുമാർ എന്നിവർ ചേർന്നാണ് മിലൻറെ ഉദ്‌ഘാടനം നിർവഹിച്ചത് . മിലൻറെ രൂപീകരണത്തെക്കുറിച്ചു തോമസ് കർത്തനാൽ പറഞ്ഞു
ജെയിൻ കണ്ണച്ചാംപറമ്പിൽ എം സിയെ പരിചയപ്പെടുത്തി. ചിന്തയും സാഹിത്യവും സമന്വയിച്ച പരിപാടികളെ സരളമായും ആകർഷകമായും അരങ്ങിലെത്തിക്കുന്നതിൽ അവതാരക നിത സുരേഷ് മികവ് പുലർത്തി.
ലാന പ്രസിഡന്റ് ജോസൻ ജോർജ്, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കുട്ടി, കേരളാ ക്ലബ് പ്രസിഡന്റ് അജയ് അലക്സ് എന്നിവർ ആശംസകൾ അർപ്പിച്ചു. മിലന്റെ തുടക്കം മുതലുള്ള സഹയാത്രികനായിരുന്ന, മിഷിഗണിൽ നിന്നുള്ള ബഹുമുഖ പ്രതിഭ, അന്തരിച്ച ജോസഫ് മാത്യു എന്ന അപ്പച്ചന് ഇന്ത്യ ലീഗ് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് ജോർജ് വൻ നിലം കവിത ആലപിച്ച് സ്മരണാഞ്ജലി അർപ്പിച്ചു.
മഹാകവി അക്കിത്തത്തിന് സ്മരണാഞ്ജലി അർപ്പിച്ച് ദിനേശ് ലക്ഷ്മണനും ഓ എൻ വി കുറുപ്പിന് ശബരി സുരേന്ദ്രനും മഹാകവി വള്ളത്തോളിന് ബിന്ദു പണിക്കരും ബാലചന്ദ്രൻ ചുള്ളിക്കാടിന് ആശംസകളുമായി സലിം മുഹമ്മദും പവിത്രൻ തീക്കുനിക്ക് ആശംസകളുമായി ആന്റണി മണലേലും കവിതകൾ കോർത്തിണക്കി ഒരുക്കിയ കാവ്യോപഹാരം അതീവ ഹൃദ്യമായി. മിലൻ സെക്രെട്ടറി അബ്ദുൾ പുന്നയൂർക്കുളം കവിത ആലപിച്ചു . എം എൻ കാരശ്ശേരി, കെ പി രാമനുണ്ണി, ജോർജ് ഓണക്കൂർ , ഡോ . എം വി പിള്ള എന്നിവർ ആശംസാ സന്ദേശങ്ങൾ പങ്കുവച്ചു.
മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലുള്ള പ്രമുഖരായ മുപ്പതില്പരം എഴുത്തുകാരെ മിഷിഗൺ മലയാളികൾക്ക് നേരിട്ട് പരിചയപ്പെടുത്തിയ മിലന്റെ ഇരുപതു വര്ഷങ്ങളിലെ പ്രവർത്തനങ്ങളുടെ സ്മരണികയും വാർഷികാഘോഷങ്ങളോടനുബന്ധിച്ച് പ്രകാശനം ചെയ്തു . സ്മരണികആഘോഷ കമ്മിറ്റി ചെയർമാൻ മാത്യു ചെരുവിലും ചീഫ് എഡിറ്റർ ദിലീപ് നമ്പീശനും സുവനീർ പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിച്ചു . എഡിറ്റോറിയൽ സമിതിയിൽ ദിലീപ് നമ്പീശൻ, സലിം മുഹമ്മദ്, ഡോ: ശാലിനി ജയപ്രകാശ്, ജോർജ് വൻ നിലം, വിനോദ് കൊണ്ടൂർ എന്നിവരും പ്രചാരണ വിഭാഗത്തിൽ സാജൻ ഇലഞ്ഞിക്കൽ, രാജേഷ്‌കുട്ടി, ദിനേശ് ലക്ഷ്മണൻ എന്നിവരും പ്രവർത്തിക്കുന്നു.
മിലൻറെ വാർഷികാഘോഷ പരിപാടി അമേരിക്കയിലെ എല്ലാ സഹൃദയ വേദികളിലും എത്തിക്കാനും മികച്ച സാങ്കേതിക സഹായത്തോടെ, വെബിനാർ വിജയിപ്പിക്കാനും രാജേഷ് കുട്ടി, സാജൻ ഇലഞ്ഞിക്കൽ, ജെയിൻ കണ്ണച്ചാംപറമ്പിൽ എന്നിവർ സഹായിച്ചു .
പ്രസിഡന്റ് സുരേന്ദ്രൻ നായർ സ്വാഗതവും ട്രഷറർ മനോജ് കൃഷ്ണൻ കൃതജ്ഞതയും അറിയിച്ചു .
മുഖ്യാതിഥി മോഹൻ കുമാർ ഐ എ എസിനെ സലിം മുഹമ്മദും ഡോ. പ്രമീള ദേവിയെ ഡോ. ശാലിനി ജയപ്രകാശും ഡോ. മുരളി തുമ്മാരുകുടിയെ സാജൻ ഇലഞ്ഞിക്കലും പരിചയപ്പെടുത്തി .
കോശി ജോർജ്- RE / MAX Classic Realtor , മോഹൻ പനങ്ങാവിൽ-INDus financial , സുനിൽ പൈങ്ങോൾ- KWHom realtor, ജോർജ് വൻ നിലം- Uron Tax and financial services എന്നിവർ സ്പോണ്‌സർമാരായിരുന്നു.
മിലൻ ഭാരവാഹികളായ തോമസ് കർത്തനാൾ, അബ്ദുൾ പുന്നയൂർക്കുളം, മനോജ് കൃഷ്ണൻ, മനോജ് വാരിയർ എന്നിവർക്കൊപ്പം ,മിലൻ കൂട്ടായ്മയിലെ രാധാകൃഷ്ണൻ, സുദർശന കുറുപ്പ്, അനിൽ ഫിലിപ്പ്, സാം ജീവ്, അലൻ ജോർജ്, വിനോദ് കൊണ്ടൂർ, രാജീവ് കാട്ടിൽ തുടങ്ങിയവരും പരിപാടി വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകി. കേരള ക്ളബ് പ്രസിഡന്റ് അജയ് അലക്സ് , ഡിട്രോയ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കുട്ടി എന്നിവർ പരിപാടികളുടെ വിജയത്തിന് സംഘടനാപരമായും പിന്തുണ നൽകി .