കാക്കനാട്: വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്തിരുന്ന എറണാകുളം കാക്കനാട് ചെമ്പുമുക്കിലെ മാസ്റ്റര്‍ കിച്ചന്‍ തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. ഇന്‍ഫോപാര്‍ക്കിലേക്കും നഗരത്തിലെ വിവിധ പരിപാടികളിലേക്കും ഭക്ഷണം വിതരണം ചെയ്തിരുന്ന മാസ്റ്റര്‍ കിച്ചന്‍ ആണിത്.

പുളിക്കില്ലം വെസ്റ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍ ക്ലെയ്‌സ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിന്‍റെ കിച്ചനില്‍ ഗുരുതര ലംഘനങ്ങളാണ് കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ടീനു സൈമണിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ പുറത്തുവന്നത്.

കിച്ചന് മുന്നിലും പിന്നിലും മാലിന്യക്കൂമ്പാരങ്ങള്‍, കഴുകാതെ കിടന്ന പാത്രങ്ങള്‍, അഴുക്കുവെള്ളം കെട്ടിക്കിടന്ന നില, മലിനജലം ടാങ്ക് നിറഞ്ഞ് പരിസരത്തേക്ക് ഒഴുകിയ അവസ്ഥ എന്നിവയും കണ്ടെത്തി. പരിശോധന നടക്കുന്നതിനിടയിലും തൊഴിലാളികള്‍ പൊറോട്ടയും കറികളും പാചകം ചെയ്യുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ടു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ സമീപവാസികളും സമീപത്തുള്ള ഐടി സ്ഥാപനങ്ങളും പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ആരോഗ്യഭീഷണി കണക്കിലെടുത്ത് നഗരസഭ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു.