അടൂര്‍: ഫഹദ് ഫാസില്‍ നായകനായ മാലിക് എന്ന ചിത്രം ചരിത്രത്തെ വ്യഭിചരിച്ചിരിക്കുകയാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. അടുത്ത് നടന്ന ഒരു സംഭവത്തെ ചരിത്ര വിരുദ്ധമായി സമീപിച്ചിരിക്കുന്നത് ചരിത്ര ബോധമുള്ളവര്‍ക്ക് ഒരിക്കലും ദഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ബീമാപ്പളളി വെടിവെപ്പിന് ഉത്തരവാദിയായ കോടിയേരി ബാലകൃഷ്ണനെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെയോ ഒരിടത്ത് പോലും കാണിക്കാതിരിക്കാന്‍ സംവിധായകന് കാണിച്ച സൂക്ഷ്മത പ്രത്യേകം എടുത്ത് പറയേണ്ടതാണെന്നും രാഷ്ട്രീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടു പഠിക്കേണ്ടതാണെന്നും രാഹുല്‍ പറയുന്നു.
കള്ളക്കടത്തും തീവ്ര വര്‍ഗീയതയും ഒരു പ്രത്യേക സമുദായത്തിന് മുകളില്‍ ചാര്‍ത്താന്‍ കാണിച്ച വ്യഗ്രത വിമര്‍ശിക്കപ്പെടേണ്ടതാണെന്നും ബീമാപ്പളളിയിലെ തുറയില്‍ ജീവിക്കുന്നവര്‍ കള്ളക്കടത്ത് നടത്തിയാണ് പണം സമ്ബാദിക്കുന്നതെന്ന സംഘ് പരിവാര്‍ ഭാഷ്യം സിനിമയിലൂടെ ഒളിച്ചു കടത്താന്‍ മഹേഷ് നാരായണന് ശ്രമിച്ചിരിക്കുകയാണെന്നും അദ്ദേഹവും ചൂണ്ടിക്കാണിക്കുന്നു.
ഇടതു പക്ഷക്കാരനാണെന്ന് അവകാശപ്പെടുന്ന മഹേഷ് നാരായണന് കേരളത്തിന് പുറത്തും, അകത്തും കാവി പ്രസ്ഥാനത്തിനോട് അന്തര്‍ധാരയുള്ള പിണറായി വിജയന്റെ ഒക്കച്ചങ്ങായി യാവാന്‍ സര്‍വ്വഥാ യോഗ്യനാണെന്നും രാഹുല്‍ പറയുന്നു.



